ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിംഗ് പുനരാരംഭിക്കൽ; വനംവകുപ്പ് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും
ആനയിറങ്കൽ ജലാശയത്തിൽ ഹൈഡൽ ടൂറിസം വകുപ്പ് നടത്തി വന്നിരുന്ന ബോട്ടിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് വനംവകുപ്പ് ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകും.
മുൻപ് കാട്ടാനയായ അരിക്കൊമ്പന്റെ സാന്നിധ്യവും ബോട്ടിംഗ് മൂലം ആനകളുടെ സ്വാഭാവിക ആവാസ മേഖലകൾക്ക് തടസം ഉണ്ടാകുന്നുവെന്ന പരാതിയും ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ബോട്ടിംഗ് താത്കാലികമായി നിർത്തിവെക്കാൻ ഉത്തരവുണ്ടായത്.
ഇതിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ ആനകളുടെ സഞ്ചാരപഥം, ബോട്ടിംഗ് മൂലമുണ്ടാകുന്ന പരിസ്ഥിതി ആഘാതങ്ങൾ എന്നിവ വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ വികസന സമിതി യോഗം വനംവകുപ്പിന് നിർദേശം നൽകി.
വന്യജീവികളുടെ സുരക്ഷയും മനുഷ്യ–മൃഗ സംഘർഷ സാധ്യതയും പൂർണമായി വിലയിരുത്തിയ ശേഷമായിരിക്കും ബോട്ടിംഗ് പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
അതേസമയം, പരിസ്ഥിതി സൗഹൃദമായ സോളാർ, ഇലക്ട്രിക് ബോട്ടുകൾ മാത്രം ഉപയോഗിക്കുക, പ്രവർത്തന സമയം പരിമിതപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും അധികൃതർ പരിഗണിക്കുന്നുണ്ട്



