പാലാ നഗരത്തിലും കൊട്ടാരമറ്റത്തും സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം; പൊലീസ് നടപടി വേണമെന്ന് നാട്ടുകാർ
പാലാ: നഗരത്തിലും കൊട്ടാരമറ്റം മേഖലയിലും സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിച്ചിട്ടും പൊലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ രംഗത്ത്. കഴിഞ്ഞ ദിവസം കൊട്ടാരമറ്റത്ത് ഉണ്ടായ സംഘർഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.
ഒരു സ്ത്രീയും കൂട്ടാളിയും മറ്റൊരാളും തമ്മിൽ പൊതുസ്ഥലത്ത് ഏറ്റുമുട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പരസ്യമായി അസഭ്യം വിളിച്ചും വഴക്കുണ്ടാക്കിയും നടക്കുന്ന ഇത്തരം സംഭവങ്ങൾ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു.
സംഘർഷത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന സ്ത്രീ പാലാ ടൗൺ ബസ് സ്റ്റാൻഡിൽ നടന്ന മോഷണക്കേസിലും ഉൾപ്പെട്ട വ്യക്തിയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അന്യസ്ഥലങ്ങളിൽ നിന്നെത്തിയ നിരവധി പേർ പാലായിൽ തമ്പടിച്ച് സാമൂഹ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. പൊതുസ്ഥലങ്ങളിൽ ഭിക്ഷയാചിക്കുന്നതിന്റെ മറവിൽ ചിലർ മോഷണം നടത്തുന്നതായും നാട്ടുകാർ ആരോപിക്കുന്നു.



