കാൻസർ രോഗികൾക്ക് നൽകുന്ന വേദനസംഹാരി മരുന്നുകളുടെ ദുരുപയോഗം; യുവാക്കൾക്കെതിരെ ഡ്രഗ്സ് കൺട്രോൾ കേസെടുത്തു

പ്രതികൾ ഗുളികകൾ വാങ്ങിയതായി മൊഴി നൽകിയ കട്ടപ്പനയിലെ മെഡിക്കൽ സ്റ്റോറിൽ ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർ , ഡ്രഗ്സ് ഇന്റലിജൻസ് ഇൻസ്പെക്ടർ എന്നിവർ പരിശോധന നടത്തി

കാൻസർ രോഗികൾക്ക് നൽകുന്ന വേദനസംഹാരി മരുന്നുകളുടെ ദുരുപയോഗം; യുവാക്കൾക്കെതിരെ ഡ്രഗ്സ് കൺട്രോൾ കേസെടുത്തു

കട്ടപ്പന: കാൻസർ ബാധിതർക്ക് നൽകുന്ന വേദനസംഹാരി ഗുളികകളും സിറിഞ്ചുകളുമായി യുവാക്കൾ അറസ്റ്റിലായ സംഭവത്തിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തു.

പച്ചടി പുത്തൻവീട്ടിൽ ഫ്രാൻസിസ് (22), നെടുങ്കണ്ടം ചിറക്കുന്നൽ അൻസിൽ (22) എന്നിവർക്കെതിരെയാണ് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940 പ്രകാരം കേസെടുത്തത്.

നെടുങ്കണ്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കൈമാറുകയായിരുന്നു. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ കോടതിയിൽ സമർപ്പിച്ചു. അന്വേഷണം പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് കോടതിയിൽ നൽകുമെന്ന് അധികൃതർ അറിയിച്ചു.

പ്രതികൾ ഗുളികകൾ വാങ്ങിയതായി മൊഴി നൽകിയ കട്ടപ്പനയിലെ മെഡിക്കൽ സ്റ്റോറിൽ ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർ മാർട്ടിൻ ജോസഫും ഡ്രഗ്സ് ഇന്റലിജൻസ് ഇൻസ്പെക്ടർ കെ.ആർ. നവീനും പരിശോധന നടത്തി.

പ്രാഥമിക പരിശോധനയിൽ സ്റ്റോക്കുകളിൽ ക്രമക്കേട് കണ്ടെത്തിയതായാണ് വിവരം. വിശദമായ പരിശോധനയ്ക്ക് ശേഷം മെഡിക്കൽ സ്റ്റോർ ഉടമയ്ക്കെതിരെയും കേസെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.