അഞ്ജു ബോബി ജോർജിന്റെ റെക്കാഡ് മറികടന്ന് ആൻസി സോജൻ; ലോംഗ് ജംപിൽ പുതു ചരിത്രം
ഭുവനേശ്വർ: മലയാളി ലോംഗ് ജമ്പ് താരം ആൻസി സോജൻ ഇന്ത്യൻ അത്ലറ്റിക്സിൽ പുതു ചരിത്രം കുറിച്ചു. മലയാളത്തിന്റെ അഭിമാന താരം അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കാഡ് തകർത്താണ് തൃശൂർ സ്വദേശിയായ ആൻസി സുവർണ നേട്ടം സ്വന്തമാക്കിയത്.
ഭുവനേശ്വറിൽ നടക്കുന്ന നാഷണൽ ഇന്റർസ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ 6.88 മീറ്റർ ദൂരം ചാടിയാണ് ആൻസി റെക്കാഡ് നേട്ടം കൈവരിച്ചത്. 2004ലെ ഏഥൻസ് ഒളിമ്പിക്സിൽ അഞ്ജു ബോബി ജോർജ് സ്ഥാപിച്ച 6.83 മീറ്ററിന്റെ ദേശീയ റെക്കാഡാണ് ഇതോടെ പഴങ്കഥയായത്.
മത്സരത്തിന്റെ തുടക്കം മുതൽ മികച്ച ഫോമിലായിരുന്ന ആൻസി അഞ്ചാം ശ്രമത്തിലാണ് റെക്കാഡ് ദൂരം കണ്ടെത്തിയത്. ആദ്യ ശ്രമത്തിൽ തന്നെ 6.73 മീറ്റർ ചാടി മികച്ച തുടക്കം കുറിച്ച താരം പിന്നീട് പ്രകടനം മെച്ചപ്പെടുത്തി ചരിത്രനേട്ടത്തിലേക്ക് എത്തുകയായിരുന്നു.
ഈ പ്രകടനത്തോടെ അത്ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ഏഷ്യൻ ഗെയിംസ് യോഗ്യതാ മാർക്കും ആൻസി സോജൻ മറികടന്നു. ഇന്ത്യൻ വനിതാ ലോംഗ് ജമ്പിലെ മുൻനിര താരമായി മാറിയ ആൻസി ആഭ്യന്തര മത്സരങ്ങളിൽ ഇന്ത്യൻ നേവിയെയും സർവീസസിനെയും പ്രതിനിധീകരിക്കുന്നു. ഇന്ത്യൻ നേവിയിലെ ചീഫ് പെറ്റി ഓഫീസർ കൂടിയാണ് താരം.



