ആധാർ: നിർബന്ധിത ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യം
തിരുവനന്തപുരം: കുട്ടികളുടെ ആധാർ വിവരങ്ങളിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ 2026 സെപ്റ്റംബർ വരെ സൗജന്യമായി നടത്താം. 5 വയസിലും 15 വയസിലും കുട്ടികളുടെ വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും പുതുക്കണമെന്ന് ഐടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.
5 വയസ് മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്ക് സംസ്ഥാനത്തെ എല്ലാ ആധാർ കേന്ദ്രങ്ങളിലും സൗജന്യമായി ഈ സേവനം ലഭ്യമാണ്. കേരളത്തിൽ ആധാർ സേവനങ്ങളുടെ നോഡൽ ഏജൻസിയായി സംസ്ഥാന ഐ.ടി മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും (UIDAI) ചുമതലപ്പെടുത്തിയിരിക്കുന്നത്.
നവജാത ശിശുക്കൾക്ക് ഉൾപ്പെടെ ആധാറിന് രജിസ്റ്റർ ചെയ്യാം. എന്നാൽ 0 മുതൽ 5 വയസ് വരെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റ് സമയത്ത് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികൾക്ക് ആധാർ അനുവദിക്കുന്നത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതിയാകും.
ഭാവിയിൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ തടസ്സങ്ങൾ ഒഴിവാക്കാൻ ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടൻ തന്നെ കുട്ടികൾക്ക് ആധാർ എടുക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കൃത്യസമയത്ത് ബയോമെട്രിക് പുതുക്കാത്ത ആധാർ കാർഡുകൾ താൽക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ട്. സ്‌കോളർഷിപ്പ്, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്‌കൂൾ-കോളേജ് പ്രവേശനം, ഡിജിലോക്കർ, അപാർ, പാൻ കാർഡ് തുടങ്ങിയ നിരവധി സേവനങ്ങൾക്ക് ആധാർ ആവശ്യമാണ്.
നീറ്റ്, ജെ.ഇ.ഇ, കെ.ഇ.എ.എം തുടങ്ങിയ മത്സരപരീക്ഷകൾക്ക് അപേക്ഷിക്കുമ്പോൾ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും സമയബന്ധിതമായി ആധാർ പുതുക്കണം.
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി വഴിയാണ് വിവിധ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്നത്. അതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ആധാറിൽ കൃത്യമായി ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ/ഇമെയിൽ മാറ്റൽ തുടങ്ങിയ സേവനങ്ങൾ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങളിലും ലഭ്യമാണ്.
ബന്ധപ്പെടാൻ:
സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 (ടോൾ ഫ്രീ), 0471-2335523
കേരള സ്റ്റേറ്റ് ഐ.ടി മിഷൻ (ആധാർ വിഭാഗം): 0471-2525442
ഇമെയിൽ: uidhelpdesk@kerala.gov.in




