യുവാക്കളെ സംരക്ഷിക്കാൻ ശക്തമായ നടപടിയുമായി മുന്നോട്ടു പോകും : ജില്ലാ പോലീസ് മേധാവി

യുവാക്കളെ സംരക്ഷിക്കാൻ ശക്തമായ നടപടിയുമായി മുന്നോട്ടു പോകും : ജില്ലാ പോലീസ് മേധാവി

ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തിൽ ന്യൂമാൻ കോളജിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സദസ് ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഉദ്ഘാടനം ചെയ്തു.

സമൂഹത്തെ ലഹരിയുടെ വിപത്തിൽ നിന്ന് മോചിപ്പിക്കാനുള്ള വലിയ തുടക്കമാണ് ഓപ്പറേഷൻ തൂഫാൻ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ലഹരി ഉപയോഗിക്കുന്നവരെയും വിപണനം നടത്തുന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കും. അന്താരാഷ്ട്ര ലഹരി മാഫിയയുടെ കൈകളിലേക്ക് യുവാക്കളെ വിട്ടുകൊടുക്കില്ലെന്നും യുവാക്കളുടെ കഴിവുകൾ സമൂഹത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്യപാനം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രവർത്തിക്കുന്ന ആൽക്കഹോളിക്സ് അനോണിമസ് മാതൃകയിൽ ജില്ലാതലത്തിൽ നാർക്കോട്ടിക്സ് അനോണിമസ് കൂട്ടായ്മകൾ ആരംഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതി രാജ്യത്താകെ വ്യാപകമാകുകയാണെന്നും പറഞ്ഞു.

ചടങ്ങിൽ വിശിഷ്ടാതിഥിയായ നടൻ ആസിഫ് അലി ലഹരിക്കെതിരെ സന്ദേശം നൽകി. ജീവിതത്തിലെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുമ്പോഴുള്ള സന്തോഷമാണ് ഏറ്റവും വലിയ ലഹരിയെന്ന് അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് സമൂഹത്തിൽ വലിയ സ്വാധീനമുണ്ടെന്നും ലഹരിയുടെ ദോഷങ്ങൾ ഉൾക്കൊള്ളുന്ന കഥാപാത്രങ്ങളും രംഗങ്ങളും അവതരിപ്പിക്കുന്നതിൽ കൂടുതൽ ഉത്തരവാദിത്തം വേണമെന്നും വ്യക്തമാക്കി.

ചെറിയ രീതിയിൽ ആരംഭിക്കുന്ന ലഹരി ഉപയോഗം പിന്നീട് വലിയ അടിമത്തത്തിലേക്ക് നയിക്കുമെന്നും യുവതലമുറ ലഹരിയോട് “നോ” പറയണമെന്നും ആസിഫ് അലി പറഞ്ഞു.

മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും തിരിയുമ്പോൾ സ്വന്തം ജീവരക്തം തന്നെയാണ് നഷ്ടപ്പെടുത്തുന്നതെന്ന് തിരിച്ചറിയണമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഓർമിപ്പിച്ചു. കൃത്യമായ ലക്ഷ്യത്തോടെ ജീവിതത്തിൽ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മാരക മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും തടയുന്നതിനായി ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അൻഷാദ് മുഹമ്മദ്, രാജീവ് ഭാസ്‌കർ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സലിംകുട്ടി, കൗൺസിലർ പി.എ. ഷാഹുൽ ഹമീദ്, നാർക്കോട്ടിക്സ് സെൽ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, തൊടുപുഴ ഡിവൈ.എസ്.പി പി.എം. ബൈജു തുടങ്ങിയവർ പങ്കെടുത്തു.