അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനം മുൻപും അപകടത്തിൽപ്പെട്ടത്; 2023-ലെ റൺവേ അപകടം വീണ്ടും ചര്‍ച്ചയാകുന്നു
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനം മുൻപും അപകടത്തിൽപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ട്.
2023 സെപ്റ്റംബറിൽ മുംബൈ വിമാനത്താവളത്തിൽ ശക്തമായ മഴയ്ക്കിടെ ലാൻഡിങ് ശ്രമത്തിനിടെ ഇതേ ഓപ്പറേറ്ററുടെ Learjet 45XR വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടിരുന്നു. അന്ന് യാത്രക്കാർ രക്ഷപ്പെട്ടെങ്കിലും വിമാനം ഗുരുതരമായി കേടുപാടുകൾക്ക് വിധേയമായിരുന്നു.
ഇന്ന് രാവിലെ എട്ട് മണിയോടെ മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പുറപ്പെട്ട വിമാനം വിമാനത്താവളത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് തകർന്ന് വീണു കത്തിയമരുകയായിരുന്നു. അപകടത്തിൽ അജിത് പവാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാലാവസ്ഥ മോശമായതിനാൽ പൈലറ്റിന് റൺവേ ദൃശ്യമാകാതെ വന്നതാകാം അപകടകാരണമെന്ന് വി.എസ്.ആർ ഏവിയേഷൻ ക്യാപ്റ്റൻ വി.കെ. സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. വിമാനത്തിന്റെ മുൻകാല അപകടചരിത്രവും സുരക്ഷാ മാനദണ്ഡങ്ങളും വീണ്ടും ചർച്ചയായിരിക്കുകയാണ്.






