സൂര്യനെല്ലിയില്‍ അനധികൃത റിസോര്‍ട്ട് സീല്‍ ചെയ്തു; ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ റവന്യൂ നടപടി
ഇടുക്കി: സൂര്യനെല്ലിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്നിരുന്ന സ്റ്റാര്‍ ലൈന്‍ റിസോര്‍ട്ട് റവന്യൂ ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തു. നിയമലംഘനം നടത്തി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് അടച്ചുപൂട്ടണമെന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നെങ്കിലും നടപടികള്‍ വൈകിയ സാഹചര്യത്തിലാണ് ഒടുവില്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചത്.
മൂന്നാര്‍ മേഖലയിലെ റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി ഇല്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ചായിരുന്നു സൂര്യനെല്ലിയിലെ സ്റ്റാര്‍ ലൈന്‍ റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത്. വിഷയത്തില്‍ സൂര്യനെല്ലി സ്വദേശി മൈക്കിള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ ശക്തമായത്.
കെട്ടിടം വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഉറപ്പാക്കാന്‍ റവന്യൂ വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ കോടതി ഉത്തരവ് ലംഘിച്ച് രാത്രികാലങ്ങളില്‍ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതായി റവന്യൂ വകുപ്പ് കണ്ടെത്തി.
റിസോര്‍ട്ട് സീല്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ മുമ്പ് എത്തിയെങ്കിലും പ്രാദേശിക രാഷ്ട്രീയ എതിർപ്പിനെ തുടര്‍ന്ന് നടപടി പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മൂന്നാര്‍ ഡിവൈഎസ്പി ആര്‍. ചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സുരക്ഷ ഒരുക്കിയ ശേഷമാണ് റവന്യൂ സംഘം നടപടികള്‍ പൂര്‍ത്തിയാക്കിയത്. നടപടിക്കെതിരെ റിസോര്‍ട്ട് ഉടമയും പ്രാദേശിക സിപിഎം നേതൃത്വവും പ്രതിഷേധവുമായി രംഗത്തെത്തി.
നടപടികളുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.






