കാഞ്ചിയാർ സെന്റ് മേരീസ് യു.പി. സ്കൂളിൽ ചാന്ദ്രദിനാഘോഷവും ഡിജിറ്റൽ പാനൽ ഉദ്ഘാടനവും സംഘടിപ്പിച്ചു
കാഞ്ചിയാർ: ദേശീയ ചാന്ദ്രദിനത്തോടനുബന്ധിച്ച് കാഞ്ചിയാർ സെന്റ് മേരീസ് യു.പി. സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ചാന്ദ്രദിനാഘോഷവും ഡിജിറ്റൽ പാനൽ ഉദ്ഘാടനവും സംഘടിപ്പിച്ചു.
പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. മാർട്ടിൻ വെളിയംകുളം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ സിൽവിയ ജോസ് സ്വാഗതം ആശംസിച്ചു. കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജശേഖരൻ ഉദ്ഘാടനം നിർവഹിച്ചു.
കാഞ്ചിയാർ ഫെഡറൽ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി സ്കൂളിന് സമ്മാനിച്ച ഡിജിറ്റൽ പാനലിന്റെ ഔദ്യോഗിക ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് കൂടുതൽ ദൃശ്യവൽക്കരിച്ചതും അനുഭവസമ്പന്നവുമായ പഠനാന്തരീക്ഷം ഒരുക്കാൻ ഡിജിറ്റൽ പാനൽ സഹായകരമാകുമെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.
ഫെഡറൽ ബാങ്ക് കാഞ്ചിയാർ ശാഖ സീനിയർ മാനേജർ സൗമ്യ ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികളുടെ സർഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തിയ 'മൂൺ ബൗണ്ട്' ചാന്ദ്രദിന പതിപ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജശേഖരൻ പ്രകാശനം ചെയ്തു.
ചന്ദ്രനെയും ബഹിരാകാശ ദൗത്യങ്ങളെയും ആസ്പദമാക്കിയ വീഡിയോ അവതരണം, ബഹിരാകാശ സഞ്ചാരികളുടെ വേഷമണിഞ്ഞെത്തിയ വിദ്യാർത്ഥികളുമായി നടത്തിയ അഭിമുഖം എന്നിവ പരിപാടിയുടെ ശ്രദ്ധേയ ആകർഷണങ്ങളായി. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും ശാസ്ത്രീയ അവതരണങ്ങളും സദസ്സിന്റെ കൈയടി നേടി.
സയൻസ് അധ്യാപകരായ ആന്റോ, ജോസ്മി ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സീനിയർ അസിസ്റ്റന്റ് രഞ്ജുമോൾ പി. എം. നന്ദി രേഖപ്പെടുത്തി.




