‘നമ്മുടെ കേരളം’ മൊബൈൽ ആപ്പ് ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
സംസ്ഥാനത്ത് സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യവും എളുപ്പത്തിൽ പ്രാപ്യവുമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
സർക്കാർ സേവനങ്ങൾക്ക് അപേക്ഷിക്കാനും വിവിധ ബില്ലുകൾ അടയ്ക്കാനും ഇനി ആപ്പ് വഴിയോ വെബ്‌പോർട്ടൽ വഴിയോ പൊതുജനങ്ങൾക്ക് സൗകര്യം ലഭിക്കും. ഭരണനിർവ്വഹണത്തിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനന സർട്ടിഫിക്കറ്റ്, ക്ഷേമപദ്ധതികൾ, പെൻഷനുകൾ തുടങ്ങി സർവ്വതലസ്പർശിയായ 150-ത്തിലധികം സേവനങ്ങൾ ഈ പ്ലാറ്റ്‌ഫോമിൽ ഏകീകരിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടാനും പരാതികൾ സമർപ്പിക്കാനും അപേക്ഷകളുടെ നില അറിയാനും അപ്‌ഡേറ്റുകൾ നേടാനും സാധിക്കുന്ന സൗകര്യവും ഇതിലുണ്ട്.
സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി സേവനങ്ങൾ തേടേണ്ടി വന്ന കാലഘട്ടത്തിൽ നിന്ന് വിരൽത്തുമ്പിൽ സേവനങ്ങൾ ലഭ്യമാകുന്ന ഡിജിറ്റൽ ഭരണകാലത്തിലേക്ക് കേരളം മുന്നേറുകയാണെന്ന് സർക്കാർ വിലയിരുത്തുന്നു. കഴിഞ്ഞ ഒരു ദശകത്തിൽ നടപ്പിലാക്കിയ വിവിധ ജനകീയ ഭരണപരിഷ്കാരങ്ങളുടെ തുടർച്ചയായാണ് ഈ ആപ്പ് അവതരിപ്പിക്കുന്നതെന്നും ഇത് ഭരണസംസ്കാരത്തിൽ ഘടനാപരമായ മാറ്റത്തിന് വഴിയൊരുക്കുമെന്നും അധികൃതർ അറിയിച്ചു.






