ഇരട്ടയാർ വീണ്ടും തെളിയിച്ചു—മതം മനുഷ്യരെ വേർതിരിക്കാൻ അല്ല, ഹൃദയങ്ങളെ ചേർക്കാനാണ്.

ഭഗവാൻ്റെ തിടമ്പേറ്റാൻ വന്ന ഗജവീരന് സ്വീകരണം നൽകുന്ന വികാരിയച്ചനും പള്ളി കമ്മിറ്റി അംഗങ്ങളും.ഇത് ഇരട്ടയാറിൻറെ മാത്രം കഥ

ഇരട്ടയാർ വീണ്ടും തെളിയിച്ചു—മതം മനുഷ്യരെ വേർതിരിക്കാൻ അല്ല, ഹൃദയങ്ങളെ ചേർക്കാനാണ്.

ഇരട്ടയാർ : ഇന്നലെ ജനുവരി 31, 2026-ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളി തിരുനാൾ ആഘോഷങ്ങളിലായിരുന്നു. അതേ ദിവസമാണ് സമീപത്തെ തുളസിപ്പാറ ശ്രീ സുബ്രഹ്മണ്യ മഹാക്ഷേത്രത്തിലെ ഉത്സവവും നടക്കുന്നത്. രണ്ട് വിശ്വാസാഘോഷങ്ങൾ ഒരേ ദിവസം ഒരു നാടിന്റെ ശ്വാസമായി മാറുന്ന അപൂർവ കാഴ്ചയാണ് ഇന്നലെ ഇരട്ടയാർ കണ്ടത്.

Slide 1
Slide 2
Slide 3
Slide 4

തിരുനാളിന് കൊടിയേറി ആഘോഷമായ വിശുദ്ധ കുർബാന നടക്കുന്നതിനിടെയാണ് ക്ഷേത്ര ഉത്സവത്തിന് തിടമ്പേറ്റാൻ എത്തിയ ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന്റെ ഇരട്ടയാറിലേക്കുള്ള വരവ്.

Slide 1
Slide 2
Slide 3
Slide 4

ഇരട്ടയാർ ടൗണിൽ നൽകിയ സ്വീകരണത്തിൽ മതസൗഹൃദത്തിന്റെ മനോഹരമായ ഒരു ചിത്രം കൂടി പിറന്നു—ഗജവീരന് മധുരം നൽകി ആദരിച്ചു ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. സക്കറിയസ് കുമ്മുണ്പറമ്പിൽ ഒപ്പം ഇരട്ടയാർ പള്ളി കമ്മിറ്റി അംഗങ്ങളും.

ഇത് ഒരു ചടങ്ങ് മാത്രമല്ലായിരുന്നു; ഇരട്ടയാറിന്റെ ആത്മാവായിരുന്നു അത്.പള്ളിയിലെ പുണ്യാളന് വണക്കവും നൽകി ഗജവീരനും ആചാര്യ മര്യാദ നൽകി.

മതസൗഹൃദത്തിന്റെ കഥ അവിടെ അവസാനിച്ചില്ല. വൈകിട്ട് ആറുമണിക്ക് പള്ളിയിൽ നിന്നും ശാന്തിഗ്രാമിലേക്ക് തിരുനാൾ പ്രദക്ഷിണം പുറപ്പെടുമ്പോൾ, അതേ സമയം ഇരട്ടയാർ സാംസ്കാരിക നിലയത്തിൽ നിന്നും ആരംഭിക്കേണ്ടിയിരുന്ന ക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്ര പള്ളിയിലെ പ്രദക്ഷിണം കടന്നുപോകുന്നതുവരെ അമ്പല കമ്മിറ്റി സ്നേഹപൂർവ്വം വൈകിപ്പിച്ചു.

അങ്ങിനെ, ഇരട്ടയാറിൽ വിശ്വാസങ്ങൾ മത്സരിക്കാതെ പരസ്പരം ആദരിച്ചപ്പോൾ ടൗണിൽ ഉണ്ടാകാൻ സാധ്യത ഉള്ള വലിയ തിരക്കും വാശിയേറിയ മത മത്സരങ്ങളുമെല്ലാം  ഒഴിവായി.

ഹിന്ദുവും ക്രിസ്ത്യനും മുസ്ലീവും സഹോദരങ്ങളെപ്പോലെ കൂടെയുണ്ടായിരിക്കുന്ന ഈ നാടിന്റെ കഥ കേരളത്തിന്റെ മതസൗഹൃദ പാരമ്പര്യത്തിന് ഒരു പുതിയ തെളിവായി മാറുന്നു.

ഇരട്ടയാർ പറയുന്നു—

ഇത് ഒരു ഗ്രാമത്തിന്റെ കഥ മാത്രമല്ല..ഞങ്ങൾ ഇങ്ങനെയാണ്....