‘കേരള’ അല്ല, ഇനി ‘കേരളം’ : സംസ്ഥാനത്തിന്റെ പേരുമാറ്റത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് “കേരള” എന്നതിനു പകരം “കേരളം” എന്നാക്കി മാറ്റണമെന്ന സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട ബില്ലിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് ‘സേവാ തീർത്ഥി’യിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഇനി ബിൽ പാർലമെൻറിൽ അവതരിപ്പിച്ച് പാസാക്കണം. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ നിലവിൽ സംസ്ഥാനത്തിന്റെ പേര് “കേരള” എന്നാണുള്ളത്. അത് “കേരളം” എന്നാക്കി തിരുത്തണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം.
ഇതിനായി 2024 ജൂണിൽ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. 2023 ഓഗസ്റ്റിലും സമാന പ്രമേയം പാസാക്കിയെങ്കിലും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം അത് തിരിച്ചയച്ചിരുന്നു. ആദ്യ പ്രമേയത്തിൽ ഒന്നാം പട്ടികയ്ക്കൊപ്പം എട്ടാം പട്ടികയിലും ഭേദഗതി ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തുന്ന തരത്തിൽ പരിഷ്‌കരിച്ച പ്രമേയം വീണ്ടും കേന്ദ്രത്തിന് അയച്ചു.
ബിൽ പാർലമെന്റിൽ പാസായാൽ ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് “കേരളം” എന്നാകും.






