നേര്യമംഗലം–വാളറ ദേശീയപാത വികസനത്തിന് നിയമതടസമില്ല; സർക്കാർ ഉത്തരവിറക്കി
ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം–വാളറ റോഡ് വികസനത്തിന് നിയമപരമായോ വസ്തുതാപരമായോ തടസങ്ങളില്ലെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വികസനത്തിനായി നിർദേശിച്ചിരിക്കുന്ന ഭൂമി റിസർവ് വനമല്ലെന്നും, റോഡ് പുറമ്പോക്ക് വിഭാഗത്തിൽപ്പെടുന്ന റവന്യൂ ഭൂമിയാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
നേര്യമംഗലം–വാളറ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ റിപ്പോർട്ടുകളും രേഖകളും വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ തീരുമാനം.
റോഡിന്റെ മധ്യരേഖയിൽ നിന്ന് ഇരുവശത്തേക്കുമായി 50 അടി വീതം ഉൾപ്പെടുന്ന 100 അടി വീതിയുള്ള ഭൂമി 1932-ൽ തന്നെ അന്നത്തെ തിരുവിതാംകൂർ സർക്കാർ പൊതുമരാമത്ത് വകുപ്പിന് റോഡ് ആവശ്യങ്ങൾക്കായി കൈമാറിയിരുന്നുവെന്നും, അന്നുമുതൽ പൊതുജനങ്ങൾ ഉപയോഗിക്കുന്ന റോഡായി തുടരുകയാണെന്നും സർക്കാർ കണ്ടെത്തി.
1996-ൽ വനവകുപ്പിന്റെ അനുമതിയോടെ ഈ ഭൂമി പൊതുമരാമത്ത് വകുപ്പിന് കൈമാറിയ നടപടി സർക്കാർ ഉത്തരവിലൂടെ വീണ്ടും സ്ഥിരീകരിച്ചിരുന്നുവെന്നും, അതിനാൽ ഈ ഭൂമിയെ വനഭൂമിയായി കണക്കാക്കാനാകില്ലെന്നും ഉത്തരവിൽ പറയുന്നു.
പ്രസ്തുത പ്രദേശം റിസർവ് വനത്തിന്റെ ഭാഗമാണെന്നും വനമുക്തമാക്കൽ (ഡി-റിസർവേഷൻ) നടന്നിട്ടില്ലെന്നുമായിരുന്നു വനവകുപ്പിന്റെ വാദം. എന്നാൽ റവന്യൂ വകുപ്പും സർവേ വകുപ്പും സമർപ്പിച്ച രേഖകൾക്കാണ് കൂടുതൽ പ്രാമാണ്യമെന്ന് സർക്കാർ വിലയിരുത്തി.
നിലവിൽ വികസനത്തിനായി നിർദേശിച്ചിരിക്കുന്ന ഭാഗം നേരത്തെ തന്നെ റോഡ് ആവശ്യങ്ങൾക്കായി മാറ്റിവെച്ച ഭൂമിയുടെ പരിധിക്കുള്ളിലാണെന്നും, അതിനാൽ പ്രത്യേക വനമുക്തമാക്കൽ നടപടികളുടെ ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തിൽ നേര്യമംഗലം–വാളറ ഭാഗം റവന്യൂ ഭൂമിയാണെന്നും, ദേശീയപാത അതോറിറ്റിയുടെ (എൻ.എച്ച്.എ.ഐ.) റോഡ് വികസന പ്രവർത്തനങ്ങൾക്ക് നിയമപരമായ തടസങ്ങളില്ലെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം, ഹൈക്കോടതിയിൽ പരിഗണനയിലുള്ള ആർ.പി. നമ്പർ 972/2025, ഡബ്ല്യു.പി.(സി) 30391/2024 എന്നീ കേസുകളിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും ഈ ഉത്തരവെന്നും സർക്കാർ അറിയിച്ചു.




