ഓണക്കാല വിപണി ; കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാൻ പ്രത്യേക സ്ക്വാഡുകൾ
ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ, ലീഗൽ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുന്നതിനായി പൊതുകേന്ദ്രങ്ങൾ, മാർക്കറ്റുകൾ, എൽപിജി ഗോഡൗണുകൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കും. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാ സപ്ലൈ ഓഫീസർമാർ കൺവീനർമാരായ സ്ക്വാഡുകൾ അടുത്ത മാസം ഒന്നുമുതൽ പരിശോധനയും നിരീക്ഷണവും ആരംഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർമാരുടെ യോഗത്തിൽ മന്ത്രി നിർദേശിച്ചു.
വിപണിയിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. ഓണക്കാലത്ത് പൊതുജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ വിതരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.




