റബർ കർഷകരുടെ ക്ഷേമത്തിന് റബർ ബോർഡുമായി കൈകോർക്കും; സ്ഥിരതാ ഫണ്ടിലെ ₹20 കോടി ഉടൻ വിതരണം ചെയ്യാൻ ഇടപെടൽ: മന്ത്രി മോൻസ് ജോസഫ്
കോട്ടയം: റബർ കർഷകരുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനത്ത് ചെയർമാൻ എൻ. ഹരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
റബർ കർഷകരോട് പ്രതിബദ്ധതയുള്ള സർക്കാർ റബർ കൃഷിയെ വീണ്ടും സജീവമാക്കാൻ ക്രിയാത്മക നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വന്യമൃഗശല്യം ഉൾപ്പെടെയുള്ള കർഷകരുടെ പ്രശ്നങ്ങൾ റബർ ബോർഡ് ഭാരവാഹികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൃഷി, വനം വകുപ്പുമന്ത്രിമാരും റബർ ബോർഡ് അധികൃതരും പങ്കെടുക്കുന്ന പ്രത്യേക യോഗം വിളിച്ചുചേരുമെന്നും അദ്ദേഹം അറിയിച്ചു.
സാങ്കേതിക കാരണങ്ങളാൽ വിതരണം വൈകിയ വിലസ്ഥിരതാ ഫണ്ടിലെ 20 കോടി രൂപ കർഷകർക്ക് എത്രയും വേഗം ലഭ്യമാക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഇടവിളകൾക്ക് കാർഷിക ആനുകൂല്യങ്ങൾ, വനമേഖലയിലെ റബർതോട്ടങ്ങൾക്ക് വേലി നിർമാണത്തിനും ട്രഞ്ച് കുഴിക്കുന്നതിനും വനം വകുപ്പിന്റെ അനുമതി, ടാപ്പിംഗ് തൊഴിലാളികൾക്ക് ക്ഷേമനിധി, വിലസ്ഥിരതാ ഫണ്ടിന്റെ പ്രയോജനം കൂടുതൽ കർഷകരിലേക്ക് എത്തിക്കൽ തുടങ്ങിയ ആവശ്യങ്ങളിൽ അനുകൂല സമീപനം സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
റബർ കൃഷിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സംസ്ഥാന സർക്കാരും റബർ ബോർഡും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റബർ ബോർഡ് ചെയർമാൻ എൻ. ഹരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എ. വസന്തഗേശ്, റബർ പ്രൊഡക്ഷൻ കൺട്രോളർ ഡോ. ടി. സിജു, എൻ.ഐ.ആർ.ടി. ഡയറക്ടർ പ്രിയ വർമ്മ എന്നിവർ പങ്കെടുത്തു.




