പച്ചടി എസ്.എൻ.എൽ.പി സ്കൂളിൽ ചാന്ദ്രദിനാഘോഷം; 'ലിറ്റിൽ സയന്റിസ്റ്റ്' പദ്ധതിക്ക് തുടക്കം കുറിച്ചു
പച്ചടി: പച്ചടി എസ്.എൻ.എൽ.പി സ്കൂളിൽ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ഹെഡ്മാസ്റ്റർ പി.കെ. ബിജുവിന്റെ നേതൃത്വത്തിൽ നടന്ന പരിപാടികളിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
ചാന്ദ്രദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ വിവിധ തരത്തിലുള്ള ബഹിരാകാശ യാത്രാവാഹനങ്ങളുടെ മാതൃകകൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. ബഹിരാകാശ യാത്രയുടെ അനുഭവം കുട്ടികൾക്ക് പകർന്നു നൽകുന്ന പ്രത്യേക സംവിധാനവും ഒരുക്കിയിരുന്നു.
ചാന്ദ്രദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ 'ലിറ്റിൽ സയന്റിസ്റ്റ്' എന്ന പുതിയ പദ്ധതിക്കും തുടക്കമായി. കുട്ടികളിൽ അന്വേഷണാത്മകത, നിരീക്ഷണശേഷി, ശാസ്ത്രീയ ചിന്ത എന്നിവ വളർത്തുന്നതിനായി വിവിധ ശാസ്ത്രപരീക്ഷണങ്ങളാണ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.
എല്ലാ ആഴ്ചയിലും പുതുമയും കൗതുകവും ഉണർത്തുന്ന ശാസ്ത്രപരീക്ഷണങ്ങളിലൂടെ ശാസ്ത്രത്തെ അടുത്തറിയാനും സ്വയം പരീക്ഷിച്ച് പഠിക്കാനും കുട്ടികൾക്ക് അവസരമൊരുക്കുകയാണ് 'ലിറ്റിൽ സയന്റിസ്റ്റ്' പദ്ധതി. എല്ലാ വിദ്യാർത്ഥികളെയും പരീക്ഷണങ്ങളുടെ ഭാഗമാക്കി "കണ്ടറിയുക, പരീക്ഷിക്കുക, പഠിക്കുക" എന്ന ആശയത്തിലൂന്നിയാണ് പദ്ധതിക്ക് തുടക്കമിട്ടത്.




