ഇടുക്കി ജില്ലാ പഞ്ചായത്ത് ബജറ്റ്: അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ടൂറിസം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം മേഖലകൾക്ക് മുൻഗണന
ഇടുക്കി: ജില്ലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ടൂറിസം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, കുടിവെള്ളം, പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകി ഇടുക്കി ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.
129 കോടി 87 ലക്ഷം 4,800 രൂപ വരവും 128 കോടി 87 ലക്ഷം 11,400 രൂപ ചിലവും 99 ലക്ഷം 93,400 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ദിക്ക് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷീല സ്റ്റീഫൻ ബജറ്റിന്റെ കോപ്പി വൈസ് പ്രസിഡന്റിന് നൽകി പ്രകാശനം നിർവഹിച്ചു.
ഇടുക്കി മെഡിക്കൽ കോളജിന് സമീപവും തൊടുപുഴ ജില്ലാ ആശുപത്രിയിലും എം.ആർ.ഐ സ്കാനിംഗ് ആരംഭിക്കാൻ മൂന്ന് കോടി രൂപയും മെഡിക്കൽ കോളജിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി അമിനിറ്റി സെന്റർ നിർമ്മിക്കാൻ ഒരു കോടി രൂപയും വകയിരുത്തിയതിനെ അംഗങ്ങൾ കൈയടിയോടെ സ്വാഗതം ചെയ്തു.
വരവും ചിലവും
മുൻബാക്കി 3.12 കോടി രൂപ ഉൾപ്പെടെ പ്ലാൻ ഫണ്ട് 68.82 കോടി, മെയിന്റനൻസ് ഫണ്ട് 29.58 കോടി, ജനറൽ പർപ്പസ് ഫണ്ട് 7.21 കോടി, സംസ്ഥാനാവിഷ്കൃത ഫണ്ട് 1.85 കോടി, തനതു ഫണ്ട് 2.66 കോടി, സി.ആർ ഫണ്ട് 3 കോടി, തദ്ദേശ സ്ഥാപന വിഹിതം 7.6 കോടി, നബാർഡ്–ശുചിത്വ മിഷൻ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിൽ നിന്ന് 6 കോടി രൂപ എന്നിവ ചേർന്നാണ് മൊത്തം വരവ് കണക്കാക്കുന്നത്.
ജനപ്രതിനിധികളുടെ ഓണറേറിയം, ജീവനക്കാരുടെ ശമ്പളം, ഭരണ ചെലവുകൾ എന്നിവ ഉൾപ്പെടെ 128.87 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജനകീയാസൂത്രണ പദ്ധതികൾക്കായി വലിയ വിഹിതം നീക്കിവച്ചിട്ടുണ്ട്.
കാർഷിക മേഖലയ്ക്ക് ഊന്നൽ
തകർച്ച നേരിടുന്ന കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ:
വിപണന കേന്ദ്രങ്ങൾ – 50 ലക്ഷം
മൃഗസംരക്ഷണം – 1 കോടി
എ.ബി.സി പദ്ധതി – 1 കോടി
ക്ഷീരകർഷക സബ്സിഡി – 3 കോടി
ക്ഷീര സമൃദ്ധി കാലിത്തീറ്റ – 50 ലക്ഷം
കർഷക സംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് – 50 ലക്ഷം
ഫാമുകൾക്ക് – 1 കോടി
വിദ്യാഭ്യാസം, യുവജനക്ഷേമം, കായികം
സ്കൂൾ അടിസ്ഥാന വികസനം – 5 കോടി
സ്കൂൾ ഫർണിച്ചർ – 1 കോടി
സ്പോർട്സ് വികസനം – 5 കോടി
കളിസ്ഥലങ്ങൾ – 1 കോടി
സ്കൂൾ ടോയ്ലറ്റുകൾ – 1 കോടി
വയോജനങ്ങൾക്ക് ഓപ്പൺ ജിം – 1 കോടി
ആരോഗ്യ മേഖല
ജില്ലാ ആശുപത്രിയിൽ മരുന്ന് വാങ്ങൽ – 2 കോടി
ആശുപത്രികളുടെ മറ്റു ചെലവുകൾ – 1 കോടി
സാമൂഹ്യക്ഷേമ പദ്ധതികൾ
പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ക്ഷേമത്തിനായി:
പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം – 10 കോടി
ഭവന നിർമ്മാണം – 4 കോടി
മോഡേൺ ക്രിമിറ്റോറിയം – 1 കോടി
എസ്.സി വനിതകൾക്കും കുട്ടികൾക്കും പ്രത്യേക പദ്ധതി – 1 കോടി
പട്ടികവർഗ വികസനം – 1 കോടി
കോളനി നടപ്പാത – 2.5 കോടി
വനിത–ശിശുക്ഷേമം – 2.90 കോടി
ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും പാർപ്പിടം – 8 കോടി
എസ്.സി ഭവന നിർമ്മാണം – 4 കോടി
എസ്.ടി ഭവന നിർമ്മാണം – 1 കോടി
ജില്ലാ പഞ്ചായത്ത് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, ഫർണിച്ചർ വാങ്ങൽ, ചെറുതോണിയിൽ വിശ്രമകേന്ദ്രം, ഓപ്പൺ സ്റ്റേജ്, കംഫർട്ട് സ്റ്റേഷൻ, ബസ് സ്റ്റാൻഡ് നിർമ്മാണം പൂർത്തിയാക്കൽ തുടങ്ങിയവയ്ക്കും തുക മാറ്റിവച്ചിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് നടന്ന ബജറ്റ് ചര്‍ച്ചയില്‍ സെക്രട്ടറി പി.കെ. സജീവ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.






