സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു; നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
സംസ്ഥാനത്ത് വരും ദിവസങ്ങളിലും തുലാവർഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒക്ടോബർ 17 മുതൽ 20 വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് (ശനിയാഴ്ച) കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
ലക്ഷദ്വീപിന്റെ വടക്കൻ ഭാഗങ്ങൾക്കും സമീപ പ്രദേശങ്ങൾക്കും മുകളിലും തമിഴ്നാടിന് മുകളിലും തെക്കൻ തീരദേശ ആന്ധ്രാപ്രദേശിന് സമീപവും ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ട്. ഇവയുടെ സ്വാധീനഫലമായി ഒക്ടോബർ 20 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും ചില ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.


