ശബരിമല തീർഥാടനം: റോഡ് അറ്റകുറ്റപ്പണികൾ തുടങ്ങി; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും
വാളാടി–പുല്ലുമേട് പാതയിൽ കൂടുതൽ സേവനകേന്ദ്രങ്ങൾ; 24 മണിക്കൂർ വാഹന പരിശോധനയും പട്രോളിങ്ങും
ശബരിമല തീർഥാടനത്തിന് മുന്നോടിയായി നാഷണൽ ഹൈവേ അതോറിറ്റിയുടെ കീഴിലുള്ള റോഡുകളിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. മണ്ഡലകാലം തുടങ്ങുന്നതിന് മുൻപ് സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതടക്കമുള്ള ജോലികൾ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നിർദേശം നൽകി. തീർഥാടന മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് നിർദേശം.
വാളാടി, സത്രം, പുല്ലുമേട്, മുക്കുഴി, ബോയ്സ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ആവശ്യമായ ശുചിമുറി സൗകര്യങ്ങൾ ഉറപ്പാക്കാൻ വനം വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. ആരോഗ്യപ്രശ്നങ്ങളുള്ള തീർഥാടകരെ പരിശോധിച്ചശേഷം യാത്ര തുടരാൻ അനുവദിക്കുന്നതിനുള്ള സംവിധാനം വാളാടിയിൽ ഒരുക്കും. ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർ സത്രം വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് വിവിധ ഭാഷകളിൽ അറിയിപ്പുകൾ നൽകും. വാളാടിയിൽ ആരോഗ്യവകുപ്പ് ജീവനക്കാർക്കുള്ള സൗകര്യങ്ങളും ഒരുക്കും.
പുല്ലുമേട് പാതയിൽ കൂടുതൽ സേവനകേന്ദ്രങ്ങൾ
സത്രത്തിനും പുല്ലുമേടിനുമിടയിൽ സീറോ പോയിന്റ്, പുല്ലുമേട്, കഴുതക്കുഴി എന്നിവിടങ്ങളിലായി മൂന്ന് ഇക്കോ ഷോപ്പുകൾ കൂടി വനം വകുപ്പ് തുറക്കും. ഇവിടെ കുടിവെള്ളം, കഞ്ഞി, ലഘുഭക്ഷണം എന്നിവ ലഭ്യമാക്കും. പുല്ലുമേടിനും സന്നിധാനത്തിനുമിടയിൽ ഒരു വാച്ച് ടവർ കൂടി നിർമിക്കും. ആറുപേരടങ്ങുന്ന റാപ്പിഡ് റെസ്പോൺസ് ടീമിനു പുറമേ, ഈ പാതയിൽ ഓരോ 500 മീറ്ററിലും രണ്ട് ഇക്കോ ഗാർഡുമാരെ വീതം നിയോഗിക്കും. പകൽ സമയങ്ങളിൽ ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തും.
24 മണിക്കൂർ വാഹന പട്രോളിങ്
മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ആറ് ടീമുകൾ 24 മണിക്കൂറും പട്രോളിങ് നടത്തും. വഴിയിൽ തകരാറിലാകുന്ന വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി സഹായം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ജീപ്പ് സർവീസുകളുടെ നിരക്ക് നിശ്ചയിച്ച് വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കാനും കളക്ടർ നിർദേശം നൽകി.
ഉപ്പുപാറ മുതൽ കോഴിക്കാനം വരെ 15 കേന്ദ്രങ്ങളിൽ വാട്ടർ അതോറിറ്റി കുടിവെള്ള വിതരണം നടത്തും. ലഹരിക്കടത്തും ഉപയോഗവും തടയാൻ കുമളിയിൽ എക്സൈസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കും. മൂന്ന് ടീമുകൾ ഒരേസമയം മേഖലയിൽ പട്രോളിങ് നടത്തുന്നതിനൊപ്പം 24 മണിക്കൂറും നിരീക്ഷണവും ഏർപ്പെടുത്തും.
ഭക്ഷണവില നിയന്ത്രിക്കാൻ നടപടി
മേഖലയിലെ ഭക്ഷണശാലകളിലെ വില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപാരികളുടെ യോഗം വിളിക്കും. ഉപ്പുപാറയിൽ ഫയർഫോഴ്സിന്റെ ഒരു യൂണിറ്റ് കൂടി അധികമായി വിന്യസിക്കാനും യോഗം നിർദേശിച്ചു. തീർഥാടനകാലത്ത് സുരക്ഷ, ആരോഗ്യസംരക്ഷണം, ഗതാഗതം, കുടിവെള്ളം, ഭക്ഷണം തുടങ്ങിയ മേഖലകളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.


