ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം കട്ടപ്പനയിലും കുമളിയിലും സംഘര്‍ഷവും വാക്കേറ്റവും

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം കട്ടപ്പനയിലും കുമളിയിലും സംഘര്‍ഷവും വാക്കേറ്റവും

കട്ടപ്പന: ഭൂവിഷയങ്ങൾ ഉന്നയിച്ച് സി.പി.എം. ആഹ്വാനം ചെയ്ത ഇടുക്കി ജില്ലാ ഹർത്താൽ ഹൈറേഞ്ചിൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നതോടെ ജനജീവിതം സ്തംഭിച്ചു. കട്ടപ്പനയിലും കുമളിയിലും ഹർത്താൽ അനുകൂലികളും വാഹനയാത്രക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി.

രാവിലെ പ്രധാന ടൗണുകളിൽ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി. പലയിടത്തും വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്തു. സ്വകാര്യ വാഹനങ്ങൾ കുറവായിരുന്നെങ്കിലും കട്ടപ്പന കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് 15 സർവീസുകൾ നടത്തി.

Slide 1
Slide 2
Slide 3
Slide 4

തൃശൂരിൽനിന്ന് രാവിലെ എത്തിയ കെ.എസ്.ആർ.ടി.സി. ബസ് സമരാനുകൂലികളുടെ മുന്നിലെത്താതെ വഴി മാറിപ്പോയി. പിന്നീട് മറ്റൊരു വഴിയിൽ ബസ് തടഞ്ഞതിനെത്തുടർന്ന് വാക്കേറ്റമുണ്ടായി. കട്ടപ്പനയിൽ തുറന്നുപ്രവർത്തിച്ച നഗരസഭാ കാര്യാലയത്തിലേക്കും മൃഗാശുപത്രിയിലേക്കും സമരാനുകൂലികൾ ഇരച്ചുകയറിയതായും തുടർന്ന് തുറന്നിരുന്ന ധനകാര്യ സ്ഥാപനങ്ങൾ അടപ്പിച്ചതായും റിപ്പോർട്ടുണ്ട്.

നഗരത്തിൽ നടന്ന പ്രകടനത്തിന് സി.പി.എം. ജില്ലാ കമ്മിറ്റിയംഗം വി.ആർ. സജി, ഏരിയ സെക്രട്ടറി മാത്യു ജോർജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ടോമി ജോർജ്, കെ.പി. സുമോദ്, കെ.എൻ. വിനീഷ്‌കുമാർ, ഫൈസൽ ജാഫർ, സി.ആർ. മുരളി, നിയാസ് അബു, ജോബി എബ്രഹാം എന്നിവർ നേതൃത്വം നൽകി.

കുമളിയിൽ വാഹനത്തിന്റെ ചില്ല് തകർത്തു; ഇരുവിഭാഗങ്ങൾക്കെതിരെ കേസ്

Slide 1
Slide 2
Slide 3
Slide 4

കുമളി: ഹർത്താലിനിടെ വാഹനങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കം കുമളിയിൽ സംഘർഷത്തിൽ കലാശിച്ചു. രാവിലെ 11-ഓടെ പോസ്റ്റ് ഓഫീസ് ജങ്ഷനിൽ വർകല സ്വദേശികൾ സഞ്ചരിച്ച കാർ ഹർത്താൽ അനുകൂലികൾ തടഞ്ഞു. കാർ മുന്നോട്ടെടുക്കുന്നതിനിടെ ഒട്ടകത്തലമേട് സ്വദേശിയായ രാജീവിന്റെ കാലിലൂടെ വാഹനത്തിന്റെ ടയർ കയറിയതിനെത്തുടർന്നുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇതിനിടെ കാറിന്റെ ചില്ലും തകർത്തു.

Slide 1
Slide 2
Slide 3
Slide 4

പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിക്കുന്നതിനിടെ സമരാനുകൂലികളും പോലീസും തമ്മിലും ഉന്തുംതള്ളുമുണ്ടായി. തമിഴ്നാട്ടിലേക്ക് പോകാനെത്തിയ ടൂറിസ്റ്റ് വാഹനങ്ങൾ ഉൾപ്പെടെ തടഞ്ഞിട്ടതോടെ യാത്രക്കാർ ദുരിതത്തിലായി. കാറിന്റെ ചില്ല് തകർത്തതിനും സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനും കാലിലൂടെ ടയർ കയറിയ സംഭവത്തിലുമായി ബന്ധപ്പെട്ട് ഇരുകൂട്ടർക്കുമെതിരെ പോലീസ് കേസെടുത്തു.

കുമളി, വണ്ടിപ്പെരിയാർ, അണക്കര മേഖലകളിലും ഹർത്താൽ ഏറെക്കുറെ പൂർണമായിരുന്നു. വ്യാപാരസ്ഥാപനങ്ങൾ തുറന്നില്ല. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി. ബസുകൾ ഇടവിട്ട് സർവീസ് നടത്തിയത് തമിഴ്നാട്ടിൽനിന്നെത്തിയ യാത്രക്കാർക്ക് ആശ്വാസമായി.