കുമളി–മൂന്നാർ സംസ്ഥാനപാത മാലിന്യക്കുപ്പയാകുന്നു; കൽക്കൂന്തലിനു സമീപം വീണ്ടും മാലിന്യം തള്ളി
ഇടുക്കി: കുമളി–മൂന്നാർ സംസ്ഥാനപാതയിൽ വീണ്ടും അനധികൃതമായി മാലിന്യം തള്ളിയ സംഭവം പ്രദേശവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കി. കൽക്കൂന്തലിനു സമീപമുള്ള കലുങ്കിന് താഴെയാണ് ഏറ്റവുമൊടുവിൽ വൻതോതിൽ മാലിന്യം നിക്ഷേപിച്ചത്.
കഴിഞ്ഞ ദിവസം രാത്രി വാഹനത്തിലെത്തിച്ച മാലിന്യശേഖരമാണ് ഇവിടെ തള്ളിയതെന്നാണ് നാട്ടുകാർ പറയുന്നത്. തോട്ടം മേഖലകളിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതയുടെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. രാത്രികാലങ്ങളിൽ വാഹനഗതാഗതം കുറവായതും റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്ന് നിൽക്കുന്നതും മാലിന്യം നിക്ഷേപിക്കുന്നവർക്ക് അനുകൂല സാഹചര്യമാകുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇരു പഞ്ചായത്തുകളും ചേർന്ന് പലവട്ടം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ തന്നെ സ്ഥിതി പഴയപടിയാകുകയാണ്. ഉടുമ്പൻചോല, നെടുങ്കണ്ടം, പാമ്പാടുംപാറ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന സംസ്ഥാനപാത ഭാഗങ്ങളിലാണ് വൃത്തിഹീനത ഏറ്റവും കൂടുതലെന്ന് പ്രദേശവാസികൾ പറയുന്നു. ദുര്‍ഗന്ധം മൂലം വഴിയാത്രക്കാർക്ക് മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണെന്നും അവർ പരാതിപ്പെടുന്നു.
മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.






