കാഞ്ഞിരപ്പള്ളിയിൽ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു; 19 വേദികൾ, അയ്യായിരത്തിലധികം പ്രതിഭകൾ മാറ്റുരയ്ക്കും
കാഞ്ഞിരപ്പള്ളി: ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ കാഞ്ഞിരപ്പള്ളിയിൽ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നവംബർ 28, 30, ഡിസംബർ 1 തീയതികളിലായാണ് കലോത്സവം നടക്കുന്നത്. നവംബർ 29 ഞായറാഴ്ചയായതിനാൽ അന്ന് മത്സരങ്ങൾക്ക് അവധിയായിരിക്കും.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളാണ് പ്രധാന വേദി. സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, എകെജെഎം സ്കൂൾ, പേട്ട ഗവൺമെന്റ് ഹൈസ്കൂൾ, മൈക്ക സ്കൂൾ, എൻഎച്ച്എ സ്കൂൾ, കാഞ്ഞിരപ്പള്ളി കത്തീഡ്രൽ മഹാജൂബിലി ഹാൾ എന്നിവയുൾപ്പെടെ 19 വേദികളാണ് മത്സരങ്ങൾക്കായി സജ്ജീകരിക്കുന്നത്.
13 ഉപജില്ലകളിൽ നിന്നായി യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി അയ്യായിരത്തിലധികം വിദ്യാർഥികൾ 249 ഇനങ്ങളിൽ മാറ്റുരയ്ക്കും. വൈക്കം, ചങ്ങനാശേരി ഉപജില്ലകളിലെ കലോത്സവം ഇന്ന് സമാപിക്കും. മറ്റ് ഉപജില്ലകളിലെ മത്സരങ്ങൾ നേരത്തെ പൂർത്തിയായിരുന്നു.
നവംബർ 28ന് രാവിലെ കാഞ്ഞിരപ്പള്ളിയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ അണിനിരക്കുന്ന ഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കമാകുക. തുടർന്ന് ഉദ്ഘാടന സമ്മേളനം നടക്കും. ആദ്യദിനം രചനാ മത്സരങ്ങൾക്കൊപ്പം മോഹിനിയാട്ടം, കേരളനടനം, ഗോത്രകലകൾ തുടങ്ങിയ മത്സരങ്ങളും അരങ്ങേറും.
സെന്റ് മേരീസ് സ്കൂളിലോ സെന്റ് ഡൊമിനിക്സ് സ്കൂളിന്റെ എൽ.പി. വിഭാഗത്തിന് സമീപത്തോ ആയിരിക്കും ഭക്ഷണശാല ഒരുക്കുക. വിവിധ സ്കൂളുകളിൽ വിദ്യാർഥികൾക്ക് താമസസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നാലുദിവസവും നാലുനേരം ഭക്ഷണം ലഭ്യമാക്കും.
ഡിസംബർ 4ന് സമാപന സമ്മേളനം നടക്കും. പ്രോഗ്രാം കമ്മിറ്റിയുടെ ചുമതല ഭരണപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎയ്ക്കാണ്. ഭക്ഷണ കമ്മിറ്റിയുടെ ചുമതല കെഎസ്ടിഎയ്ക്കാണ്. മറ്റ് അധ്യാപക സംഘടനകൾ വിവിധ കമ്മിറ്റികളുടെ ചുമതലകൾ വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലാണ് വിധികർത്താക്കൾ ഉൾപ്പെടെയുള്ളവരെ നിയോഗിച്ചിരിക്കുന്നത്.
നവംബർ 30ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാൽ ജില്ലയിലെ എംഎൽഎമാർക്ക് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ഒഴിവാക്കുന്നതിനാണ് ഉദ്ഘാടനം നവംബർ 28ലേക്ക് നിശ്ചയിച്ചിരിക്കുന്നത്.


