നിപ്പാ ആശങ്ക: ആറു ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം, മണ്ണാര്‍ക്കാട്ട് കർശന നിയന്ത്രണങ്ങൾ

നിപ്പാ ആശങ്ക: ആറു ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം, മണ്ണാര്‍ക്കാട്ട് കർശന നിയന്ത്രണങ്ങൾ

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ചങ്ങലീരിയില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് ശക്തമായ മുന്നറിയിപ്പും നിയന്ത്രണങ്ങളുമാണ് പുറപ്പെടുവിച്ചത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികളിലാണ് പ്രത്യേക ജാഗ്രത നിര്‍ദേശിച്ചിരിക്കുന്നത്.

നിപ്പ രോഗലക്ഷണങ്ങളായ പനി, മസ്തിഷ്‌കജ്വരം തുടങ്ങിയവ കണ്ടു വന്നാല്‍ ഉടനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളിൽ രോഗിയോടൊപ്പം ഒരാളെ മാത്രമേ അനുവദിക്കൂ. ആശുപത്രികളില്‍ എത്തുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മണ്ണാര്‍ക്കാട് ചങ്ങലീരിയില്‍ രോഗം സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം പ്രദേശത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കുമരംപുത്തൂർ പഞ്ചായത്തിലെ 8 മുതല്‍ 14 വരെ വാർഡുകൾ, മണ്ണാര്‍ക്കാട് നഗരസഭയിലെ 25 മുതല്‍ 28 വരെ വാർഡുകൾ, കാരകുർശ്ശി, കരിമ്ബുഴ പഞ്ചായത്തുകളിലെ മൂന്നു വാർഡുകളാണ് നിയന്ത്രണത്തിന്റെ പരിധിയിൽപ്പെട്ടിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 46 പേരെയും നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. നിയന്ത്രണ മേഖലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ മാത്രമേ പ്രവര്‍ത്തിക്കാനാവൂ. മാസ്‌ക് ധരിക്കണമെന്ന് പ്രത്യേകമായി നിർദ്ദേശിച്ചിട്ടുണ്ട്.

നാട്ടുകലില്‍ രോഗം സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമാണ്. പൂനെ വൈറോളജി ലാബില്‍ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് ലഭിച്ചേക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.