ഈട്ടിത്തോപ്പ്–തൂവൽ റോഡ് നവീകരണത്തിന് 5 കോടി
കേരള ജേർണൽ സെൽഫി റിപ്പോർട്ട് : ജോണി പുതിയാപറമ്പിൽ ഏഴുകുംവയൽ

കട്ടപ്പന: നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 19-ാം വാർഡിലൂടെയും വിനോദസഞ്ചാര കേന്ദ്രമായ തൂവൽ അരുവിയിലേക്കുമുള്ള ഏക സഞ്ചാരപാതയായ ഈട്ടിത്തോപ്പ്–തൂവൽ റോഡ് വർഷങ്ങളായി ദുരിതാവസ്ഥയിൽ. കുണ്ടും കുഴിയും നിറഞ്ഞ ഈ പാതയിൽ വാഹനാപകടങ്ങളും യാത്രാപ്രതിസന്ധിയും പതിവായിരിക്കെ, റോഡ് നവീകരണത്തിന് സർക്കാർ അഞ്ചുകോടി രൂപ അനുവദിച്ചു.
നെടുങ്കണ്ടം പഞ്ചായത്തിൻ്റെ ഭാഗിക അറ്റകുറ്റപ്പണികൾ യാത്രക്കാരെ കുറച്ച് ആശ്വാസം നൽകിയെങ്കിലും, ബി.എം.ബി.സി നിലവാരത്തിൽ പുനർനിർമാണം മാത്രമേ സ്ഥിരപരിഹാരമാകൂവെന്ന നിലപാടിലാണ് നാട്ടുകാർ. തുക വക മാറ്റാൻ ചിലരുടെ ശ്രമമുണ്ടെന്നാരോപിച്ച്, അനുവദിച്ച ഫണ്ട് സംരക്ഷിച്ച് കാലവർഷം കഴിഞ്ഞ ഉടൻ പണി ആരംഭിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
നവീകരണത്തിനായി പ്രവർത്തിച്ച ഇടത് നേതാക്കളെ നാട്ടുകാർ അഭിനന്ദിച്ചു. റോഡ് പുനർനിർമാണം പൂർത്തിയായാൽ ഇരട്ടയാർ പഞ്ചായത്തിലെ അവികസിത മേഖലകൾക്കും എഴുകുംവയൽ കുരിശുമലയിലേക്കുള്ള തീർത്ഥാടകര്ക്കും ഗതാഗത സൗകര്യം വർധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ