രാമക്കൽമേട്–വണ്ണപ്പുറം സ്റ്റേറ്റ് ഹൈവേ പണികൾ വേഗത്തിലാക്കണം

കേരള ജേർണൽ സെൽഫി റിപ്പോർട്ട് : ജോണി പുതിയാപറമ്പിൽ

രാമക്കൽമേട്–വണ്ണപ്പുറം സ്റ്റേറ്റ് ഹൈവേ പണികൾ വേഗത്തിലാക്കണം

എഴുകുംവയൽ ∙ ഹൈറേഞ്ചിൽ നിന്നും ലോ റേഞ്ചിലേക്കും സംസ്ഥാന അതിർത്തിയായ കമ്പംമെട്ടിൽ നിന്നും കൊച്ചിയിലേക്കും ദൂരം ഗണ്യമായി കുറയ്ക്കുന്ന രാമക്കൽമേട്–വണ്ണപ്പുറം സംസ്ഥാനപാതയുടെ നിർമ്മാണം വർഷങ്ങളായി നിലച്ചിരിക്കുകയാണ്. ഒന്നാം റീച്ചായ രാമക്കൽമേട്–എഴുകുംവയൽ–ആശാരിക്കവല ഭാഗത്തെ റോഡ് പണി ഉയർന്ന നിലവാരത്തിൽ ഏകദേശം പൂർത്തിയാകുമ്പോഴും, ആശാരിക്കവല–ചേലച്ചുവട് വരെയുള്ള രണ്ടാം റീച്ചിന്റെ ടെൻഡർ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

അതേസമയം, മൂന്നാം റീച്ചായ ചേലച്ചുവട്–വണ്ണപ്പുറം ഭാഗത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതായി റിപ്പോർട്ടുകളുണ്ട്. രണ്ടാം റീച്ച് നിലച്ചതിൽ നാട്ടുകാർ രോഷാകുലരാണ്.

പാതയുടെ നിർമ്മാണം പൂർത്തിയായാൽ നെടുങ്കണ്ടം മേഖലയിൽ ഉത്പാദിപ്പിക്കുന്ന ഏലം, കുരുമുളക്, ജാതി, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധവിളകൾക്ക് വിപണി വില വർധിക്കാനും ആയിരക്കണക്കിന് കർഷകർക്ക് ന്യായമായ വില ലഭിക്കാനും അവസരമുണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ, മലയോര ഗതാഗതത്തിൽ വിപ്ലവകരമായ പുരോഗതി കൈവരിക്കാനും കേരള–തമിഴ്നാട് വ്യാപാരബന്ധം ശക്തിപ്പെടാനും ഈ പാത സഹായകരമാകും.

കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ രാമക്കൽമേട് കാറ്റാടിപാഠം, തൂവൽ അരുവി, ഇടുക്കി ആർച്ച് ഡാം, തൊമ്മൻകുത്ത്, എഴുകുംവയൽ കുരിശുമല തുടങ്ങിയവയുടെ വികസനത്തിനും ഹൈവേ വഴിയൊരുക്കും.

“രണ്ടാം റീച്ചിന്റെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കണം. ഒന്നാം റീച്ചിന്റെ പണി വേഗത്തിൽ പൂർത്തിയാക്കണം,” എന്ന് എഴുകുംവയൽ നാട്ടുകൂട്ടം കോഡിനേറ്ററും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ജോണി പുതിയാപറമ്പിൽ ആവശ്യപ്പെട്ടു.