ആക്‌സിയം 4 ദൗത്യം പൂര്‍ത്തിയായി.ശുംഭാശു ശുക്ല തിരിച്ചെത്തി

കാലിഫോർണിയ: സ്പേസ് എക്‌സിന്റെ ഡ്രാഗൺ ക്രൂ പേടകം ഇന്ത്യൻ സമയം തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെ തെക്കൻ കാലിഫോർണിയൻ തീരത്ത് പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി പതിച്ചു. നാല് അംഗ സംഘത്തെ സുമുഖമായി ഭൂമിയിലേക്കെത്തിച്ചോടെയാണ് ആക്സിയം 4 ദൗത്യം വിജയകരമായി പൂർത്തിയാകുന്നത്.
പുതിയ ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലേക്ക് വലിയ ചുവടുവെയ്പ്പായിരുന്നു ഈ ദൗത്യം. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയായി ശ്രദ്ധ നേടി. ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയെന്ന നിലയിൽ അദ്ദേഹത്തിന്റെ മിഷന്‍ ഐതിഹാസികമായി കണക്കാക്കപ്പെടുന്നു.
ജൂൺ 26ന് സ്‌പേസ് എക്‌സ് ഡ്രാഗൺ പേടകത്തിലൂടെയാണ് ശുഭാംശു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. 14 ദിവസത്തെ ദൗത്യ കാലാവധിയും തുടര്‍ന്ന് നാല് ദിവസത്തെ അധികസമയവുമടക്കം ഇവർ നിലയത്തിൽ ചെലവഴിച്ചു.
ദൗത്യം അവസാനിപ്പിച്ച് ഇന്ത്യൻ സമയം തിങ്കളാഴ്ച വൈകീട്ട് 4.45ന് പേടകം നിലയവുമായുള്ള ബന്ധം വേർപെടുത്തി. തുടർന്ന 22.5 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം വൈകീട്ട് 3.00 മണിയോടെയാണ് പേടകം സമുദ്രത്തിൽ പതിച്ചത്. അണ്‍ഡോക്കിംഗ് നിശ്ചയിച്ചതിലും 10 മിനിറ്റ് വൈകിയായിരുന്നു. രാത്രി 2.37-ഓടെ പേടകത്തിൽ നിന്നുള്ള വാതിലടച്ചതിനുശേഷമാണ് മടങ്ങിവരവിന് തുടക്കമായത്.
പെഗ്ഗി വിറ്റ്സണ്‍ (മിഷൻ കമാൻഡർ), ശുഭാംശു ശുക്ല, സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കി, ടൈബോർ കാപു എന്നിവരാണ് ആക്സിയം 4 സംഘത്തിൽ ഉൾപ്പെട്ടിരുന്നത്. ബഹിരാകാശ നിലയത്തിലെ ശാസ്ത്രീയ പരീക്ഷണങ്ങളിൽ സജീവമായി പങ്കെടുത്ത് ഇന്റർനാഷണൽ സ്‌പേസ് പ്രോഗ്രാമിൽ അവരുടെ പങ്ക് ചരിത്രപ്രധാനമാണ്.