കാര്‍ഗില്‍ വിജയത്തിന് ഇന്ന് 26 വയസ്

രാജ്യത്തിനായി ജീവത്യാഗം ചെയ്തത് 527 വീര സൈനികർ

കാര്‍ഗില്‍ വിജയത്തിന് ഇന്ന് 26 വയസ്

കാർഗിലില്‍ പാകിസ്ഥാൻ സൈന്യത്തിനെതിരെ ഇന്ത്യ സൈന്യം നടത്തിയ സമാനതകളില്ലാത്ത പോരാട്ട വീര്യത്തിന് ഇന്നേക്ക് 26 വർഷം.

1999 ജൂലൈ 26. കാർഗില്‍ മലനിരകളില്‍  ഇന്ത്യന്‍ സൈന്യം വലിയ പോരാട്ടത്തിന് ശേഷമായിരുന്നു വിജയക്കൊടി പാറിച്ചത്. പാകിസ്ഥാന്റെ അതിക്രമത്തിനു ശക്തമായ മറുപടി നല്‍കി ഇന്ത്യ നേടിയ ആധികാരിക വിജയം. ഓപ്പറേഷൻ വിജയ് വിജയകരമാക്കിയ സേനാംഗങ്ങളിൽ 527 പേര്‍ സ്വന്തം ജീവന്‍ രാജ്യത്തിനായി നൽകി. ഇവരുടെ രക്തസാക്ഷിത്വം അനുസ്മരിച്ചുകൊണ്ടാണ് രാജ്യം ഇന്ന് 26ാം കാർഗില്‍ വിജയം ആഘോഷിക്കുന്നത്.

1999 മെയ് 3-ന് ഒരാട്ടിടയന്‍ ബൈനോക്കുലറിലൂടെ കണ്ട കാഴ്ചകള്‍ മഹത്തായ യുദ്ധത്തിനുള്ള വാതില്‍ത്തുറക്കലായിരുന്നു. പാക് സൈനിക മേധാവി പര്‍വേശ് മുഷറഫിന്റെ നിര്‍ദേശപ്രകാരം തന്ത്രപ്രധാനമായ ഇന്ത്യയുടെ കാർഗില്‍ മേഖലകള്‍ പിടിച്ചടക്കാനായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. തണുപ്പുകാലത്ത് നുഴഞ്ഞുകയറ്റമുണ്ടാകില്ലെന്ന ധാരണയും പെട്രോളിങ്ങിലെ വീഴ്ചയും മലനിരകളില്‍ ശത്രുക്കള്‍ക്ക് താവളമുറപ്പിക്കാനിടയാക്കിയതായിരുന്നു.

പിന്നീട് രണ്ട് മാസത്തോളം നീണ്ട യുദ്ധതിനൊടുവിലാണ് ഇന്ത്യൻ സേന ശത്രുവിനെ തുരത്തിയത്. അതിര്‍ത്തി അതിജീവിച്ചെങ്കിലും വീഴ്ചകളിൽ നിന്നുള്ള പാഠങ്ങള്‍ കേന്ദ്രസര്‍ക്കാരുകള്‍ക്ക് പൂർണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതില്‍ സംശയമുണ്ട്.

ഇപ്പോഴും അതിര്‍ത്തിപ്രദേശങ്ങള്‍ പൂര്‍ണമായും ശാന്തമല്ല. പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ 26 സാധാരണക്കാരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

ഈ വിജയ ദിവസത്തിൽ നമ്മുടെ രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ സ്മരിക്കാം... ഇനിയൊരു യുദ്ധം ഉണ്ടാവാതിരിക്കാൻ ആത്മാർഥമായി ആഗ്രഹിക്കാം. '