ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ശുചിത്വ പഠനോത്സവവും ഹരിതസേന–ഇക്കോ സെൻസ് സ്കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു

ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ശുചിത്വ പഠനോത്സവവും ഹരിതസേന–ഇക്കോ സെൻസ് സ്കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു

ഇരട്ടയാർ ഗ്രാമപഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശുചിത്വ പഠനോത്സവവും വിദ്യാർത്ഥികൾക്കായി ഈ വർഷം മുതൽ ആരംഭിച്ച ഹരിതസേന – ഇക്കോ സെൻസ് സ്കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു.

സെന്റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് രാവിലെ 10.30ന് ആരംഭിച്ച ശുചിത്വ സന്ദേശ റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി കെ. എ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് സെന്റ് തോമസ് പാരിഷ് ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റജി ഇലിപ്പുലിക്കാട്ട് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിജോ ഇലന്തൂർ സ്വാഗതം ആശംസിച്ചു.

Slide 1
Slide 2
Slide 3
Slide 4

പ്രസിഡന്റ് രജനി കെ. എ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആൻസൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ശുചിത്വ മിഷൻ പ്രതിനിധി ബാബു പൊന്നോത്ത് വിഷയാവതരണം നടത്തി. പാഴ് വസ്തുക്കൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

മാലിന്യ സംസ്കരണത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുകയും വീടുകളിലും സമൂഹത്തിലും ശുചിത്വ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്ന കുട്ടികൾക്ക് 1500 രൂപ ക്യാഷ് അവാർഡും പ്രശംസാപത്രവും നൽകുന്ന പദ്ധതിയാണ് ഹരിതസേന – ഇക്കോ സെൻസ് സ്കോളർഷിപ്പ്.

മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് പുതുതലമുറയുടെ അനിവാര്യ ചുമതലയാണെന്നും മാലിന്യ തരംതിരിക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിദ്യാർത്ഥികൾ കൂടുതൽ ബോധവാന്മാരായിരിക്കണമെന്നും പ്രസിഡന്റ് രജനി കെ. എ പറഞ്ഞു. തുടർ വർഷങ്ങളിൽ മികച്ച മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നടത്തുന്ന മൂന്ന് വിദ്യാർത്ഥികൾക്ക് ഉയർന്ന തുകയുടെ പ്രത്യേക അവാർഡുകൾ ഏർപ്പെടുത്തുമെന്ന് വൈസ് പ്രസിഡന്റ് റജി ഇലിപ്പുലിക്കാട്ട് അറിയിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മേരിക്കുട്ടി പൗലോസ്, റോസമ്മ മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കിരൺ ജോർജ് തോമസ്, ജിഷ ഷാജി, ഷീബ അജയ്, മിനി പ്രതീഷ്, ഫാ. ജോബി പനച്ചിക്കൽ, അസിസ്റ്റന്റ് സെക്രട്ടറി ത്രേസ്യാമ്മ ജോസഫ്, ജോർജുകുട്ടി എം. വി., ശുചിത്വ മിഷൻ കോർഡിനേറ്റർ ജോസഫ് കൊല്ലംപറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

ശുചിത്വ സന്ദേശ ബാഡ്ജ് പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ഹൈസ്കൂൾ വിദ്യാർത്ഥിനി ലിയ പ്രമിലിനെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥി പ്രതിനിധി അൽസ ജോർജ് സംസാരിച്ചു. സെക്രട്ടറി ധനേഷ് ബി നന്ദി രേഖപ്പെടുത്തി.