സുരക്ഷാ പരിശോധന നടത്തണം ; ജില്ലാ കളക്ടർ
ജില്ലയിലെ ആശുപത്രികള്‍, സ്കൂളുകള്‍, സർക്കാർ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതിയില്‍ കളക്ടർ വി.വിഗ്നേശ്വരി ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി.

റോഡപകടങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തില്‍ കൊച്ചി - ധനുഷ്കോടി ദേശീയ പാതയില്‍ വാളറ, കോട്ടയം - കുമളി റോഡില്‍ വണ്ടിപ്പെരിയാർ, കുട്ടിക്കാനം, പെരുവന്താനം എന്നിവിടങ്ങളില്‍ ഐസിയു ആംബുലൻസ് സേവനം ഒരുക്കാനും അപകടങ്ങളില്‍ പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സാധ്യതകള്‍ പരിശോധിക്കാനും ആരോഗ്യ വകുപ്പിന് നിർദേശം നല്‍കി. വിഷയവുമായി ബന്ധപ്പെട്ട് 108 ആംബുലൻസ് ലൊക്കേഷൻ പുന:ക്രമീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ഇടമലക്കുടിയില്‍ കേബിള്‍ വഴി മണ്ണിനടിയിലൂടെ വൈദ്യുതി ലൈൻ എത്തിക്കാനുള്ള നടപടി ആരംഭിക്കാൻ കെഎസ്‌ഇബിക്ക് നിർദേശം നല്‍കി. ഇതിന് ആവശ്യമായ സൗകര്യം ഒരുക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിനോട് യോഗം ആവശ്യപ്പെട്ടു. കേരള - തമിഴ്നാട് അതിർത്തിയില്‍ ഉദുമല്‍പേട്ടയില്‍ തമിഴ്നാട് വനംവകുപ്പ് ചെക്ക് പോസ്റ്റ് നിർമിച്ച് അനധികൃതമായി ടോള്‍ ഈടാക്കുന്നു എന്ന പരാതിയില്‍ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ തമിഴ്നാട് വനം അധികൃതരുമായി ചർച്ച നടത്തും.
കാഞ്ഞാർ - വാഗമണ്‍ റോഡില്‍ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. കഞ്ഞിക്കുഴിയില്‍ അപകടാവസ്ഥയില്‍ നിലകൊള്ളുന്ന ജലസംഭരണി സംബന്ധിച്ച പരാതി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എംപി നിർദേശിച്ചു. നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങള്‍ റിപ്പോർട്ട് ചെയ്യാൻ മൃഗസംരക്ഷണ, ആരോഗ്യ വകുപ്പുകളോട് കളക്ടർ ആവശ്യപ്പെട്ടു.
വനം, പൊതുമരാമത്ത് വകുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ജില്ലാ വികസന സമിതിയില്‍ ഉയർന്ന് വന്നു. പരാതികളില്‍ അടിയന്തര നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി.