മച്ചിപ്ലാവ് സർക്കാർ ഹൈസ്കൂളിന് ആധുനിക കെട്ടിടം; ഉദ്ഘാടനം ദേവികുളം എം.എൽ.എ എ. രാജ നിർവഹിച്ചു

മച്ചിപ്ലാവ് സർക്കാർ ഹൈസ്കൂളിന് ആധുനിക കെട്ടിടം; ഉദ്ഘാടനം ദേവികുളം എം.എൽ.എ എ. രാജ നിർവഹിച്ചു

അടിമാലി: സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് വലിയ പുരോഗതിയാണ് കഴിഞ്ഞ വർഷങ്ങളിൽ കൈവരിച്ചതെന്ന് ദേവികുളം എം.എൽ.എ എ. രാജ പറഞ്ഞു. മച്ചിപ്ലാവ് സർക്കാർ ഹൈസ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക എന്നത് സർക്കാരിന്റെ നയമാണെന്നും അതിന്റെ ഭാഗമായി മികച്ച സ്കൂൾ കെട്ടിടങ്ങൾ, സ്മാർട്ട് ക്ലാസ് മുറികൾ, ലാബുകൾ, സ്കൂൾ വാഹനങ്ങൾ, മികച്ച അധ്യാപകർ തുടങ്ങിയ സൗകര്യങ്ങൾ പൊതുവിദ്യാലയങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. അധ്യയന വർഷം ആരംഭിക്കുന്ന ജൂൺ ഒന്നിന് തന്നെ കുട്ടികളുടെ കൈകളിൽ പാഠപുസ്തകങ്ങൾ എത്തുന്ന സാഹചര്യം സൃഷ്ടിക്കാനായതും വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 13 ലക്ഷം വിദ്യാർഥികൾ പുതുതായി പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയതും ഈ മാറ്റത്തിന്റെ പ്രതിഫലനമാണെന്നും വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

മച്ചിപ്ലാവ് സ്കൂളിൽ ഓപ്പൺ ഓഡിറ്റോറിയത്തിനായി 15 ലക്ഷം രൂപ അനുവദിച്ച് തുടർനടപടികൾ ആരംഭിച്ചതായും എം.എൽ.എ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

1.24 കോടി രൂപ ചെലവിൽ നിർമ്മാണം

1 കോടി 24 ലക്ഷം രൂപ ചെലവിൽ രണ്ട് നിലകളിലായി 6425 ചതുരശ്ര അടി വിസ്തീർണത്തിൽ ആറ് ക്ലാസ് മുറികളും രണ്ട് ടോയ്ലറ്റ് കോംപ്ലക്സുകളും ഉൾപ്പെടുത്തി ആധുനിക നിലവാരത്തിലാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്.

മച്ചിപ്ലാവ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് എൽദോസ് പൗലോസ് അധ്യക്ഷത വഹിച്ചു. വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ കെ.എ. ബിനുമോൻ, അടിമാലി എ.ഇ.ഒ ആനിയമ്മ ജോർജ്, ഗ്രാമപഞ്ചായത്ത് അംഗം എം.പി. അലിയാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ചാണ്ടി പി. അലക്സാണ്ടർ, വിൽസൺ, റൂബി സജി, ബാബു സി.എം., നിർമ്മിതി കേന്ദ്ര അസിസ്റ്റന്റ് എഞ്ചിനിയർ സന്തോഷ് കെ.വി., സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈജി മാത്യു, സ്റ്റാഫ് സെക്രട്ടറി ഗോപകുമാർ എന്നിവർ സംസാരിച്ചു.