നാല് പതിറ്റാണ്ടിന്റെ ആരോഗ്യാശ്രയം തിരിച്ചുപിടിക്കാൻ ഈട്ടിത്തോപ്പ്; ആക്ഷൻ കൗൺസിൽ രൂപീകരിച്ചു
സർക്കാർ ഹോമിയോ ഡിസ്പെൻസറി ഈട്ടിത്തോപ്പിൽ നിന്ന് മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡിസ്പെൻസറി തിരികെ ഈട്ടിത്തോപ്പിൽ തന്നെ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ
ഈട്ടിത്തോപ്പ്: നാല് പതിറ്റാണ്ടിലേറെയായി നാടിന്റെ ആരോഗ്യപരിരക്ഷയുടെ ഭാഗമായിരുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറി ഈട്ടിത്തോപ്പിൽ നിന്ന് മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡിസ്പെൻസറി തിരികെ ഈട്ടിത്തോപ്പിൽ തന്നെ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തെത്തി.
ഡിസ്പെൻസറി പ്രവർത്തിച്ചിരുന്ന കെട്ടിടവുമായി ബന്ധപ്പെട്ട അസൗകര്യങ്ങളും മറ്റ് കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് സ്ഥാപനം ഇരട്ടയാറിലേക്ക് മാറ്റിയതെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ, തലമുറകളായി ആശ്രയിച്ചിരുന്ന ആരോഗ്യസ്ഥാപനം നാടിന് നഷ്ടപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ.
ഡിസ്പെൻസറി തിരികെ എത്തിക്കുന്നതിനായി സമരപരിപാടികൾ ആവിഷ്കരിക്കുന്നതിനായി ഈട്ടിത്തോപ്പിൽ ചേർന്ന ജനകീയ യോഗത്തിലാണ് 35 അംഗ ആക്ഷൻ കൗൺസിലിന് രൂപം നൽകിയത്. ശ്രീകാന്തിനെ ചെയർമാനായും ബെന്നി കുഴിക്കോടിയെ കൺവീനറായും തെരഞ്ഞെടുത്തു.
ഫാ. ജോസഫ് പാറക്കടവിൽ, രാജൻ വെള്ളാപ്പള്ളി, സോജൻ മാളിയേക്കൽ, മിനി പ്രതീഷ്, ആനന്ദ് സുനിൽകുമാർ, ജോണി പുതിയപറമ്പിൽ, കെ ഡി രാജു, തുടങ്ങി 35ൽ പരം ആളുകൾ ആക്ഷൻ കൗൺസിൽ അംഗങ്ങളായി ഉണ്ട്. പ്രതിഷേധസൂചകമായി നാളെ വൈകിട്ട് ടൗണിൽ പന്തം കൊളുത്തി പ്രകടനവും നടത്തും.
നാടിന്റെ ആരോഗ്യാവകാശവുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും, സർക്കാർ ഹോമിയോ ഡിസ്പെൻസറി ഈട്ടിത്തോപ്പിൽ തന്നെ പുനഃസ്ഥാപിക്കുന്നതുവരെ ശക്തമായ ജനകീയ ഇടപെടൽ തുടരുമെന്നും യോഗത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി.
നാല് പതിറ്റാണ്ടായി ഈട്ടിത്തോപ്പിന്റെ ആരോഗ്യജീവിതത്തിന്റെ ഭാഗമായിരുന്ന സ്ഥാപനം വെറുമൊരു ചികിത്സാകേന്ദ്രമല്ലെന്നും, നാടിന്റെ ഓർമയും ആശ്രയവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുള്ളത്.
പ്രദേശത്തെ മുഴുവൻ കുടുംബങ്ങളുടെയും പങ്കാളിത്തത്തോടെ സമരം ശക്തിപ്പെടുത്താനും ബന്ധപ്പെട്ട അധികാരികളിൽ സമ്മർദം ചെലുത്തി ഡിസ്പെൻസറി ഈട്ടിത്തോപ്പിലേക്ക് തിരിച്ചെത്തിക്കാനുമാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.


