കൈറ്റ് വിക്ടേഴ്സിലേക്ക് കണ്ടന്റ് ക്രിയേറ്റർമാരാകാം; അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
കൈറ്റ് വിക്ടേഴ്സ്, പി.എം. ഇ-വിദ്യ ചാനലുകളിലേക്ക് കണ്ടന്റ് ക്രിയേറ്റർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരിൽ നിന്ന് കൈറ്റ് അപേക്ഷ ക്ഷണിച്ചു. ഊർജസ്വലരും സർഗാത്മക കഴിവും സാങ്കേതികവിദ്യാ പരിജ്ഞാനവുമുള്ള അധ്യാപകർക്ക് ഓൺലൈനായി അപേക്ഷിക്കാം.
ആധുനിക ഐ.സി.ടി. ടൂളുകൾ പ്രയോജനപ്പെടുത്തി ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് പഠനം കൂടുതൽ ആകർഷകവും ലളിതവുമാക്കുന്നതിനുള്ള ഡിജിറ്റൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ അധ്യാപകർക്ക് പങ്കാളികളാകാനുള്ള അവസരമാണിത്. പ്രൊഫഷണൽ പശ്ചാത്തലം, ഡിജിറ്റൽ വൈദഗ്ധ്യം, ബോധനശാസ്ത്രപരമായ കഴിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക തിരഞ്ഞെടുപ്പ്.
അധ്യാപന പരിചയം, ഡിജിറ്റൽ ഉള്ളടക്ക നിർമാണത്തിലെ പങ്കാളിത്തം, വിദ്യാഭ്യാസ പ്രവർത്തനങ്ങളിലെ സജീവ ഇടപെടൽ, മറ്റ് ശ്രദ്ധേയമായ ചുമതലകൾ, പ്രവർത്തനങ്ങൾ, ലഭിച്ച അംഗീകാരങ്ങൾ എന്നിവയും പരിഗണിക്കും.
അപേക്ഷയോടൊപ്പം സ്വന്തം ക്ലാസ്റൂം സെഷനോ വിദ്യാഭ്യാസ ആശയം വിശദീകരിക്കുന്നതോ ആയ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ റെക്കോർഡ് ചെയ്ത് വ്യക്തിഗത ഗൂഗിൾ ഡ്രൈവിൽ അപ്ലോഡ് ചെയ്യണം. വീഡിയോയുടെ ലിങ്ക് അപേക്ഷാ ഫോമിൽ നൽകണം.
സെപ്റ്റംബർ 14 മുതൽ ഒക്ടോബർ 3 വൈകിട്ട് 5 വരെ കൈറ്റിന്റെ ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷിക്കാം. യോഗ്യതകളും പ്രധാന വിലയിരുത്തൽ മാനദണ്ഡങ്ങളും ഉൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുന്നവരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോകളിൽ നടക്കുന്ന അഭിമുഖത്തിനും പ്രായോഗിക പരിശീലന സെഷനിലും പങ്കെടുക്കാൻ ക്ഷണിക്കും.


