എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ കട്ടപ്പനയിൽ പിടിയിൽ
കട്ടപ്പന: കൽത്തൊട്ടി ഭാഗത്ത് വാടകവീട്ടിൽ താമസിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയെന്നാരോപിച്ച് രണ്ട് യുവാക്കളെ കട്ടപ്പന പോലീസ് പിടികൂടി. ഇവരിൽ നിന്ന് 9 ഗ്രാം എംഡിഎംഎയും 2.28 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
കണമലമോളം നോർത്ത്, ചേത്തിക്കയം, പ്ലാശ്ശേരിൽ വീട്ടിൽ സുരേഷിന്റെ മകൻ സുധീഷ് എസ്. (31), വെള്ളത്തൂവൽ കൽക്കൂട്ടിത്തടം, പീടികയിൽ വീട്ടിൽ തോമസിന്റെ മകൻ രഞ്ജിത് തോമസ് എന്നിവരാണ് പിടിയിലായത്.
കൽത്തൊട്ടി ഭാഗത്ത് വാടകയ്ക്ക് വീട് എടുത്ത് താമസിച്ചുവരികയായിരുന്നു ഇരുവരും. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ലഹരിമരുന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
കട്ടപ്പന ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ എബി ജോർജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫും ചേർന്നാണ് രാവിലെ പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയവരെയും ഇവരിൽ നിന്ന് എംഡിഎംഎയും കഞ്ചാവും വാങ്ങിയവരെയും കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് കട്ടപ്പന പോലീസ് അറിയിച്ചു


