പണം വാങ്ങി കേറ്ററിംഗ് സംഘം മുങ്ങിയെന്ന് പരാതി; വിവാഹസദ്യ മുടങ്ങി
മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലും സമാന പരാതി; ഹോട്ടലുകളിൽനിന്ന് ഭക്ഷണമെത്തിച്ച് നൽകി
കോട്ടയം: വിവാഹച്ചടങ്ങുകൾക്കായി കരാർ ഉറപ്പിച്ച് പണം വാങ്ങിയ കേറ്ററിംഗ് സംഘം ഭക്ഷണം എത്തിച്ചില്ലെന്ന് പരാതി. മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമാണ് സമാന രീതിയിൽ കേറ്ററിംഗ് സംഘം വഞ്ചിച്ചെന്ന ആരോപണം ഉയർന്നത്. സംഭവത്തിൽ മുണ്ടക്കയം, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.
കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഉദയം’ എന്ന സ്ഥാപനത്തിനെതിരെയാണ് കഞ്ഞിക്കുഴി സ്വദേശികൾ പരാതി നൽകിയത്. വിവാഹത്തിന് ഭക്ഷണവും സ്റ്റേജ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കുന്നതിനായി ഒരു ലക്ഷം രൂപയ്ക്കാണ് കരാർ ഉറപ്പിച്ചത്. എന്നാൽ വിവാഹദിവസം വെൽക്കം ഡ്രിങ്ക് പോലും സമയത്ത് ലഭിച്ചില്ല.
ഭക്ഷണം എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ഈരാറ്റുപേട്ടയിൽനിന്ന് ഭക്ഷണവുമായി എത്തിയ വാഹനം അപകടത്തിൽപ്പെട്ടെന്നും മറ്റൊരു വാഹനത്തിൽ ഉടൻ ഭക്ഷണം എത്തിക്കുമെന്നുമായിരുന്നു കേറ്ററിംഗ് സംഘത്തിന്റെ വിശദീകരണം. പിന്നീട് ബന്ധപ്പെട്ടപ്പോൾ ഭക്ഷണം പാകം ചെയ്തിട്ടില്ലെന്നും എത്തിക്കാൻ കഴിയില്ലെന്നുമാണ് അറിയിച്ചതെന്ന് വീട്ടുകാർ പറയുന്നു.
ഉച്ചവരെ കാത്തിരുന്നിട്ടും ഭക്ഷണം എത്താതായതോടെ സമീപത്തെ ഹോട്ടലുകളിൽനിന്ന് ഭക്ഷണം എത്തിച്ചാണ് വിവാഹച്ചടങ്ങിലെത്തിയവർക്ക് ഭക്ഷണം നൽകിയത്.
മുണ്ടക്കയം ചോറ്റിയിലും സമാനമായ സംഭവമുണ്ടായെന്നാണ് പരാതി. പനക്കച്ചിറ സ്വദേശിയായ വധുവിന്റെ വീട്ടുകാർ 1.40 ലക്ഷം രൂപയ്ക്കാണ് കേറ്ററിംഗ് സംഘവുമായി കരാർ ഉറപ്പിച്ചത്. വിവാഹത്തലേന്നത്തെ ഭക്ഷണം കൃത്യമായി എത്തിയെങ്കിലും വിവാഹദിവസം കുടിവെള്ളം പോലും ഒരുക്കിയില്ലെന്നാണ് പരാതി. ഉച്ചയായിട്ടും ഭക്ഷണം എത്താതിരുന്നതിനെ തുടർന്ന് കേറ്ററിംഗ് ഉടമയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തില്ലെന്നും പരാതിയിൽ പറയുന്നു.
സംഭവങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


