പശ്ചിമഘട്ട ഇ.എസ്.എ വിജ്ഞാപനം: 131 വില്ലേജുകൾ ഉൾപ്പെടുത്തിയതിൽ ഇടുക്കിയിൽ ആശങ്ക

20ന് ജില്ലയിലെ 52 പഞ്ചായത്തുകളിലും ഒരേസമയം പ്രത്യേക ഗ്രാമസഭകൾ; സംയുക്ത പ്രമേയം പാസാക്കും

പശ്ചിമഘട്ട ഇ.എസ്.എ വിജ്ഞാപനം: 131 വില്ലേജുകൾ ഉൾപ്പെടുത്തിയതിൽ ഇടുക്കിയിൽ ആശങ്ക

കുമളി: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശവുമായി (ഇ.എസ്.എ) ബന്ധപ്പെട്ട കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഏഴാമത് കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകൾ ഉൾപ്പെടുത്തിയതിൽ ഇടുക്കിയിൽ ആശങ്ക ശക്തമാകുന്നു. കേരളം സമർപ്പിച്ച ശാസ്ത്രീയ നിർദേശങ്ങൾ പരിഗണിക്കാതെയാണ് പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയതെന്നാരോപിച്ച് ജനകീയ പ്രതിരോധം ശക്തമാക്കാനാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്റെ തീരുമാനം.

ഇതിന്റെ ഭാഗമായി ഈ മാസം 20ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളിലും ഒരേസമയം അടിയന്തര പ്രത്യേക പൊതുഗ്രാമസഭകൾ വിളിച്ചുചേർക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എം. വർഗീസും സെക്രട്ടറി ശാന്തി ഹരിദാസും അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

മുൻപ് പ്രസിദ്ധീകരിച്ച ആറ് കരട് വിജ്ഞാപനങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ കേരളത്തിലെ 131 വില്ലേജുകളുടെ പേരുകൾ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയതാണ് പ്രധാന ആശങ്ക. വില്ലേജിന്റെ പേര് പട്ടികയിൽ ഉൾപ്പെട്ടതുകൊണ്ട് മാത്രം അതിന്റെ മുഴുവൻ വിസ്തൃതിയും പരിസ്ഥിതിലോല മേഖലയായി കണക്കാക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

കേരളത്തിന്റെ നിർദേശം 8,590.69 ചതുരശ്ര കിലോമീറ്റർ

2024 നവംബർ രണ്ടിന് കേരളം സമർപ്പിച്ച പുതുക്കിയ നിർദേശപ്രകാരം 98 വില്ലേജുകളിലെ 8,590.69 ചതുരശ്ര കിലോമീറ്റർ വനമേഖല മാത്രമാണ് ഇ.എസ്.എയിൽ ഉൾപ്പെടുത്തേണ്ടത്. വനമേഖലയില്ലാത്തതിനാൽ ഇടുക്കിയിലെ ഏലമല പ്രദേശത്തെ 23 വില്ലേജുകളെയും നിർദേശത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

എന്നാൽ കേന്ദ്രത്തിന്റെ നിലവിലെ കരട് വിജ്ഞാപനത്തിൽ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. 2013ൽ പരിഗണിച്ച 123 വില്ലേജുകൾ ഇപ്പോൾ 131 ആയും 2018ലെ 92 വില്ലേജുകൾ 2024ൽ 98 ആയും മാറിയത് വില്ലേജ് വിഭജനത്തെ തുടർന്നാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

മെഡിക്കൽ കോളേജ് പ്രതിസന്ധിയും ചൂണ്ടിക്കാട്ടി

2013 നവംബർ 13ലെ കേന്ദ്ര വിജ്ഞാപനത്തിലെ നിയന്ത്രണങ്ങൾ മൂലം ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിന്റെ നിർമാണം പൂർത്തിയാക്കുന്നതിലും മെഡിക്കൽ കൗൺസിൽ അംഗീകാരം നേടുന്നതിലും പ്രതിസന്ധിയുണ്ടായതായി അസോസിയേഷൻ ചൂണ്ടിക്കാട്ടി. തുടർന്ന് കേരള സർക്കാർ നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ 2018 ഡിസംബർ മൂന്നിന് കേന്ദ്ര സർക്കാർ നിർദേശങ്ങളിൽ ഭേദഗതി വരുത്തുകയും നിയന്ത്രണങ്ങൾ കരട് ഇ.എസ്.എ മേഖലകളിൽ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.

അഞ്ച് ആവശ്യങ്ങളുമായി ഗ്രാമസഭകൾ

20ന് നടക്കുന്ന പ്രത്യേക ഗ്രാമസഭകളിലും തുടർന്ന് ചേരുന്ന പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിലും പ്രധാനമായും അഞ്ച് ആവശ്യങ്ങൾ ഉന്നയിക്കും.

131 വില്ലേജുകളുടെ പേര് ഉൾപ്പെടുത്തിയതിന്റെ പേരിൽ മുഴുവൻ ഭൂവിസ്തൃതിയും ഇ.എസ്.എയിൽ ഉൾപ്പെടില്ലെന്ന് അന്തിമ വിജ്ഞാപനത്തിൽ വ്യക്തത വരുത്തുക.

കേരളം ശുപാർശ ചെയ്ത 98 വില്ലേജുകളിലെ 8,590.69 ചതുരശ്ര കിലോമീറ്റർ വനമേഖലയിൽ ഇ.എസ്.എ പരിമിതപ്പെടുത്തുക.

GIS അടിസ്ഥാനത്തിലുള്ള കൃത്യമായ ഭൂപടങ്ങളും കോ-ഓർഡിനേറ്റുകളും കഡസ്ട്രൽ രേഖകളും ഉപയോഗിച്ച് അതിർത്തി നിർണയിക്കുകയും പ്രദേശവാസികളുടെയും കർഷകരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അഭിപ്രായം തേടുകയും ചെയ്യുക.

ജനവാസ മേഖലകളിലെ കർഷകരുടെ ഉപജീവനത്തിനും റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന വികസന പദ്ധതികൾക്കും ഇ.എസ്.എ നിയന്ത്രണങ്ങൾ തടസ്സമാകാതിരിക്കാൻ നടപടി സ്വീകരിക്കുക.

കരടിൽ ഉൾപ്പെടുത്തിയ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം കേരളത്തിന്റെ പുതുക്കിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ പുനഃപരിശോധിക്കുക.

ഗ്രാമസഭകളിൽ പാസാക്കുന്ന സംയുക്ത പ്രമേയങ്ങളുടെ പകർപ്പ് കേന്ദ്ര പരിസ്ഥിതി-വന മന്ത്രാലയം, കേരള മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട എംപിമാർ, എംഎൽഎമാർ എന്നിവർക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.