പരിമിതികളിൽ വീർപ്പുമുട്ടി നവീകരണമില്ലാതെ തൊടുപുഴ നഗരസഭ കുട്ടികളുടെ പാർക്ക്
തൊടുപുഴ: കടുത്ത വേനൽച്ചൂടിലും നഗരത്തിലെത്തുന്നവർക്ക് ആശ്വാസമേകേണ്ട നഗരസഭാ കുട്ടികളുടെ പാർക്ക് നവീകരണമില്ലാതെ നശിക്കുന്നു. കുട്ടികൾക്കായി സ്ഥാപിച്ച കളിയുപകരണങ്ങളിൽ പലതും മാസങ്ങളായി കേടായ നിലയിലാണെങ്കിലും അറ്റകുറ്റപ്പണികൾ നടത്താൻ നടപടിയില്ല. പാർക്കിലെത്തുന്നവർക്ക് ആവശ്യമായ ഇരിപ്പിട സൗകര്യങ്ങളും അപര്യാപ്തമാണ്.
പാർക്കിലെ ഏക വാട്ടർ ഫൗണ്ടൻ പ്രവർത്തനരഹിതമായിട്ട് നാളുകളായി. അറ്റകുറ്റപ്പണി നടത്തി ഇത് പുനരാരംഭിക്കാനും നടപടിയുണ്ടായിട്ടില്ല. സന്ദർശകർക്ക് നടക്കുന്നതിനായി ഒരുക്കിയ ടൈൽ പാകിയ നടപ്പാത പലയിടത്തും തകർന്ന നിലയിലാണ്. അലങ്കാരമത്സ്യങ്ങളെ നിക്ഷേപിച്ചിരിക്കുന്ന കുളത്തിന് ചുറ്റും കാടുമൂടിയിട്ടും കൃത്യമായ ശുചീകരണവും പരിപാലനവും നടക്കുന്നില്ല.
വർഷങ്ങളായി അടഞ്ഞുകിടന്ന് റിവർ ഫ്രണ്ട്
പാർക്കിലെത്തുന്നവർക്ക് തൊടുപുഴയാറിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഒരുക്കിയിരുന്ന റിവർ ഫ്രണ്ട് വ്യൂ പോയിന്റും വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. പാർക്കിന്റെ പ്രധാന ആകർഷണമായിരുന്ന ഈ ഭാഗം സന്ദർശകർക്കായി തുറന്നുനൽകണമെന്ന ആവശ്യം ശക്തമാണ്.
നിറംമങ്ങി അലങ്കാര ശിൽപ്പങ്ങൾ
പാർക്കിനെ ആകർഷകമാക്കുന്നതിനായി സ്ഥാപിച്ച പക്ഷികളുടെയും മൃഗങ്ങളുടെയും അലങ്കാര ശിൽപ്പങ്ങളും കാലപ്പഴക്കത്തിൽ നിറംമങ്ങി തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. ശിൽപ്പങ്ങൾക്ക് പുതിയ നിറം നൽകുകയും പാർക്കിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്താൽ കുട്ടികൾക്കും സന്ദർശകർക്കും കൂടുതൽ ആകർഷകമായ ഇടമായി പാർക്കിനെ മാറ്റാനാകും.
നഗരത്തിൽ കുട്ടികൾക്ക് സ്വതന്ത്രമായി ഓടിച്ചാടി സമയം ചെലവഴിക്കാൻ ലഭ്യമായ പ്രധാന ഇടങ്ങളിലൊന്നാണ് പരിമിതികളാൽ വീർപ്പുമുട്ടുന്നത്. പാർക്കിന്റെ വിവിധ പോരായ്മകൾ പരിഹരിക്കുമെന്ന് അധികൃതർ ആവർത്തിക്കാറുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിലുള്ള സമഗ്ര നവീകരണ പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധവും ഉയരുന്നുണ്ട്.


