കുമളിയിൽ ഇരുമ്പുകമ്പി തലയിൽ പതിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക്
ഇടുക്കി: കുമളിയിൽ സുഹൃത്തുക്കൾക്കൊപ്പം കളിച്ചശേഷം മടങ്ങുന്നതിനിടെ ഇരുമ്പുകമ്പി തലയിൽ പതിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക്. കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ശരണിനാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിൽ ശരണിനെ കണ്ടതോടെ സുഹൃത്തുക്കളും നാട്ടുകാരും അധ്യാപകരും ചേർന്ന് കുമളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സംഭവസമയത്ത് ശരണിനൊപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അബദ്ധത്തിൽ ഇരുമ്പുകമ്പി തലയിൽ പതിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവസ്ഥലത്ത് പൊലീസ്, ഫിംഗർപ്രിന്റ് വിദഗ്ധർ എന്നിവർ പരിശോധന നടത്തി. അന്വേഷണം തുടരുകയാണ്.


