കോട്ടയത്ത് ഗോഡൗണിൽ വൻ പുകയില വേട്ട; 3,500 കിലോയോളം നിരോധിത ഉത്പന്നങ്ങൾ പിടികൂടി
കോട്ടയം: പാക്കിൽ ഇല്ലിമൂട്ടിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 220 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് പിടികൂടി. ഏകദേശം 3,500 കിലോയോളം പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.
പാലക്കാട് സ്വദേശികളാണ് ഗോഡൗൺ വാടകയ്ക്കെടുത്തിരുന്നതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഗോഡൗൺ പൂട്ടിയ നിലയിലായിരുന്നു. നിരോധിത പുകയില ഉത്പന്നങ്ങളുടെ സംഭരണവും വിതരണവും പാലക്കാട് സ്വദേശികളാണ് നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
പരിശോധനയ്ക്കിടെ പ്രതികളെ കണ്ടെത്താനായില്ല. എന്നാൽ പുകയില ഉത്പന്നങ്ങൾ വിതരണം ചെയ്യാൻ ഉപയോഗിച്ചിരുന്ന കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഗോഡൗണിന്റെ ഉടമസ്ഥത, വാടകയ്ക്കെടുത്തവർ, പുകയില ഉത്പന്നങ്ങളുടെ ഉറവിടം, വിതരണ ശൃംഖല എന്നിവ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു.


