മലയോര ജനതയ്ക്ക് ESA യിൽ ആശങ്ക വേണ്ട ; കേന്ദ്രവുമായി വീണ്ടും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല (ESA) നിർണയവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ നിലപാട് കേന്ദ്രസർക്കാരിനെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും, ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി വീണ്ടും ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരത്തെ നിർദേശിക്കപ്പെട്ടതിൽനിന്ന് വ്യത്യസ്തമായി നിലവിലെ കരട് നിർദേശത്തിൽ 131 വില്ലേജുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻ സർക്കാർ ESA പരിധി ഏകദേശം 8,590 ചതുരശ്ര കിലോമീറ്ററായി കുറച്ച് 98 വില്ലേജുകളിലേക്കാണ് പരിമിതപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കേരളത്തിന്റെ ആവശ്യം ഇതേ നിലപാടിലേക്ക് തിരികെ കൊണ്ടുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാർഡമം ഹിൽ റിസർവ് ഒഴിവാക്കണം
കാർഡമം ഹിൽ റിസർവ് (CHR) പ്രദേശം പൂർണമായും ESA പരിധിയിൽനിന്ന് ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. വനഭൂമിയായി രേഖപ്പെടുത്തിയിരിക്കുന്ന CHR ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ESAയിൽ ഉൾപ്പെടുത്തരുതെന്നും, അതോടൊപ്പം ജനവാസ മേഖലകളൊന്നും ESA പരിധിയിൽ വരരുതെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ESA സംബന്ധിച്ച മാപ്പും പരിസ്ഥിതി വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനവാസ പ്രദേശങ്ങളെ ബാധിക്കാത്ത തരത്തിൽ ESA പരിധി നിർണയിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
ചില നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ടു
ESAയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ സംബന്ധിച്ചും കേന്ദ്രസർക്കാരുമായി ചർച്ച നടത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. റെഡ് കാറ്റഗറി വ്യവസായങ്ങൾ ഉൾപ്പെടെ ചില പ്രവർത്തനങ്ങളെ ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ നിർദേശങ്ങൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
സ്ലോട്ടർ ഹൗസ് ഉൾപ്പെടെയുള്ള ചില വിഷയങ്ങളിൽ നിലവിലെ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രം അറിയിച്ചതെന്നും, മറ്റു ചില മേഖലകളിൽ ഇളവ് അനുവദിക്കുന്ന കാര്യത്തിൽ അനുകൂല സമീപനം ഉണ്ടാകുമെന്ന സൂചന ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രവുമായി വീണ്ടും ചർച്ച നടത്തും
സംസ്ഥാനത്തിന്റെ നിർദേശങ്ങൾ ഔദ്യോഗികമായി കേന്ദ്രത്തിന് സമർപ്പിച്ച ശേഷം, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വീണ്ടും കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. വൈദ്യുതി മന്ത്രിയടക്കമുള്ള സംസ്ഥാന മന്ത്രിമാരും സംഘത്തിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ വനമേഖലയുടെ വിഹിതം ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്നും ജനസാന്ദ്രതയും കൂടുതലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ ജനവാസ മേഖലകളെ ഒഴിവാക്കി വനമേഖലകൾ മാത്രം സംരക്ഷണ പരിധിയിൽ ഉൾപ്പെടുത്തുന്നതിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
വനമേഖല സംരക്ഷിക്കുന്നതിന് നിലവിൽ തന്നെ ശക്തമായ നിയമസംവിധാനങ്ങൾ നിലവിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങളെ ബാധിക്കാത്ത രീതിയിൽ ESA നിർണയിക്കണമെന്ന സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.


