കുമാരമംഗലം പോക്സോ കേസ്: പ്രതിക്ക് 25 വർഷം തടവും 90,000 രൂപ പിഴയും
തൊടുപുഴ: കുമാരമംഗലം പോക്സോ കേസിൽ ഒന്നാം പ്രതിക്ക് 25 വർഷം തടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ച് തൊടുപുഴ പോക്സോ കോടതി. കുമാരമംഗലം പഞ്ചായത്ത് ഭാഗം മംഗലത്ത് വീട്ടിൽ ‘രഘു’ എന്ന് വിളിക്കുന്ന ബേബിയെയാണ് പോക്സോ കോടതി ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
കുമാരമംഗലം പോക്സോ കേസിൽ ആകെ 28 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ വിധി പറയുന്ന മൂന്നാമത്തെ കേസാണിതെന്നും പൊലീസ് അറിയിച്ചു. 2017 മുതൽ 2022 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്.
നിയമവിരുദ്ധമായ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുകയും അതിനായി നിർബന്ധിത സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തെന്ന കേസിലാണ് ബേബിക്ക് ശിക്ഷ ലഭിച്ചത്. കേസിലെ രണ്ടാം, മൂന്നാം പ്രതികൾ നേരത്തെ മരണപ്പെട്ടിരുന്നു. ബേബിക്ക് സമാനമായ ഏഴ് കേസുകളിൽ കൂടി വിചാരണ നേരിടാനുണ്ട്.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പയസ് മാത്യു, അതിജീവിതയ്ക്കുള്ള നിയമസഹായം നൽകിയ സബ് ഇൻസ്പെക്ടർ അജിലാൽ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ജിനിൽ, നീതു കൃഷ്ണൻ എന്നിവർ പ്രോസിക്യൂഷൻ നടപടികൾക്ക് സഹായം നൽകി.
അന്നത്തെ തൊടുപുഴ പൊലീസ് ഇൻസ്പെക്ടർമാരായ വി.സി. വിഷ്ണുകുമാർ, എസ്. മഹേഷ് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.


