വിദ്യാഭ്യാസ വകുപ്പിലെ പ്രമോഷനുകൾ അടിയന്തരമായി നടപ്പാക്കണം; തൊടുപുഴയിൽ ജീവനക്കാരുടെ പ്രകടനം
തൊടുപുഴ: വിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികകളിലെ സ്ഥാനക്കയറ്റങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ യൂണിയൻ–കെ.ജി.ഒ.എ സംയുക്ത ആഭിമുഖ്യത്തിൽ ജീവനക്കാർ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ പ്രകടനം നടത്തി.
വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ നിലനിൽക്കുമ്പോഴും യഥാസമയം സ്ഥാനക്കയറ്റം നൽകാത്തത് ജീവനക്കാരുടെ അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്നതിനൊപ്പം വിദ്യാഭ്യാസ വകുപ്പിന്റെ ഭരണപ്രവർത്തനങ്ങളുടെ കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതായി സംഘടനകൾ ചൂണ്ടിക്കാട്ടി.
ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എസ്. ജാഫർഖാൻ, ഏരിയ സെക്രട്ടറി പി.എം. മുഹമ്മദ് ജലീൽ, പ്രസിഡന്റ് പി.കെ. അബിൻ, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.


