കാട്ടാന ശല്യം രൂക്ഷം; വനംവകുപ്പ് അനാസ്ഥയ്ക്കെതിരെ ബി.ജെ.പി ധർണ

കാട്ടാന ശല്യം രൂക്ഷം; വനംവകുപ്പ് അനാസ്ഥയ്ക്കെതിരെ ബി.ജെ.പി ധർണ

ഉടുമ്പന്നൂർ: മലയിഞ്ചി, വെളൂർ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ബി.ജെ.പി ഉടുമ്പന്നൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ മലയിഞ്ചി (ആൾക്കല്ല്) ഫോറസ്റ്റ് സെക്ഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി.

ഈ ആഴ്ച മലയിഞ്ചി, തോണി മേഖലകളിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചതായി സമരക്കാർ ആരോപിച്ചു. കായ്ഫലമുള്ള തെങ്ങുകൾ ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിച്ചു. വലിയ കൃഷിയിടങ്ങളുള്ള വെളൂർ വനമേഖലയിലും കാട്ടാനക്കൂട്ടം നാളുകളായി തുടരുകയാണ്. രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിലെത്തുന്ന ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു.

Slide 1
Slide 2
Slide 3
Slide 4

കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിനായി സോളാർ വേലികൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതരും ജനപ്രതിനിധികളും നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടി യാഥാർഥ്യമായിട്ടില്ലെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. സോളാർ വേലി സ്ഥാപിക്കുന്നതടക്കമുള്ള നടപടികൾ ഉടൻ സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ അറിയിച്ചു.

ധർണ ബി.ജെ.പി ഇടുക്കി നോർത്ത് സെക്രട്ടറി പി.വി. ഷിൻമോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പ്രസാദ് വണ്ണപ്പുറം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സമിതി കൺവീനർ കെ.വി. ഫ്രാൻസിസ്, പി.കെ. സജീവ്, പി.ജി. അരുൺ, പട്ടയം രവീന്ദ്രൻ, കെ. സെബിൻ സ്കറിയ എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4