വണ്ടിപ്പെരിയാറിൽ കടയിൽ നിന്ന് 5 കിലോ ഉണക്ക ഏലക്ക തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ
വണ്ടിപ്പെരിയാർ: ടൗണിലെ കടയിൽ നിന്ന് 15,750 രൂപ വിലവരുന്ന അഞ്ച് കിലോ ഉണക്ക ഏലക്ക തട്ടിയെടുത്ത് ബൈക്കിൽ കടന്ന രണ്ട് പേരെ പൊലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശികളായ കാട്ടിക്കുന്നേൽ വീട്ടിൽ അബിദാലി കെ. (44), വലിയാട്ട് വീട്ടിൽ മുഹമ്മദ് ഡി. ഷെഹിൻ വി. (21) എന്നിവരാണ് പിടിയിലായത്.
സെപ്റ്റംബർ ഒമ്പതിന് വൈകിട്ട് വണ്ടിപ്പെരിയാർ ടൗണിലെ നാസ്കോ സ്പൈസസ് എന്ന കടയിലാണ് സംഭവം. ബൈക്കിലെത്തിയ പ്രതികൾ അഞ്ച് കിലോ ഉണക്ക ഏലക്ക ആവശ്യപ്പെടുകയായിരുന്നു. വില പറഞ്ഞതിനെ തുടർന്ന് കടയുടമ ഏലക്ക പ്ലാസ്റ്റിക് ചാക്കിൽ കെട്ടുന്നതിനിടെ പണം നൽകാതെ സാധനവുമായി പ്രതികൾ ബൈക്കിൽ കടന്നുകളയുകയായിരുന്നു.
തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ് കുമളി പൊലീസിന് വിവരം കൈമാറി. ഇതിനിടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുമളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മാരിയപ്പൻ, ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എതിർദിശയിൽ ബൈക്കിൽ എത്തിയ പ്രതികളെ തിരിച്ചറിയുകയും പിന്തുടരുകയും ചെയ്തു.
തുടർന്ന് കുമളി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ സലീം രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടി വണ്ടിപ്പെരിയാർ പൊലീസിന് കൈമാറി.


