തൊടുപുഴയിൽ ഹെൽത്ത് സ്ക്വാഡിന്റെ മിന്നൽ പരിശോധന; 15 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി
തൊടുപുഴ: നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ തൊടുപുഴ നഗരസഭാ ഹെൽത്ത് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ 15 കിലോയോളം നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു. ശുചിത്വ വീഴ്ചകളും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിൽപ്പനയും കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
മാംസവ്യാപാരശാലകൾ, ബേക്കറികൾ, പലചരക്ക് കടകൾ, പച്ചക്കറി വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ശുചിത്വം, മാലിന്യസംസ്കരണം, ലൈസൻസ്, ഹെൽത്ത് കാർഡ് എന്നിവയ്ക്ക് പുറമെ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വിതരണം, വിൽപ്പന എന്നിവയും പരിശോധനയിൽ വിലയിരുത്തി.
നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സജു കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രജീഷ് കുമാർ, സൗമ്യനാഥ്, പി.വി. ദീപ, ഡിൻസിമോൾ, ആതിര മധു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.


