പരിസ്ഥിതി ലോല മേഖല: കരട് വിജ്ഞാപനത്തിനെതിരെ ഇടുക്കിയിൽ പ്രതിഷേധം ശക്തം
നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ചിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ഇന്ന് പ്രത്യേക പ്രതിഷേധ ഗ്രാമസഭകൾ ചേരും
ഇടുക്കി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ ജനവാസ മേഖലകളെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പുറത്തിറക്കിയ ഏഴാമത് കരട് വിജ്ഞാപനത്തിനെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ചിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ഇന്ന് പ്രത്യേക പ്രതിഷേധ ഗ്രാമസഭകൾ ചേരും.
പശ്ചിമഘട്ട സംരക്ഷണത്തിനായി നിയോഗിച്ച ഡോ. കസ്തൂരിരംഗൻ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ 2013ൽ കേന്ദ്രം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉൾപ്പെട്ടിരുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി ജനവാസ മേഖലകൾ ഒഴിവാക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കുകയും തുടർന്ന് വന്ന സർക്കാരുകളും ഇതേ നിലപാട് ആവർത്തിക്കുകയും ചെയ്തു.
എന്നാൽ അന്തിമ വിജ്ഞാപനം നീട്ടിക്കൊണ്ടുപോയ കേന്ദ്രം ജൂലൈ 27ന് പുറത്തിറക്കിയ ഏഴാമത് കരട് വിജ്ഞാപനത്തിലും ജനവാസ മേഖലകളെ ഉൾപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. ഇതിനെതിരെ കഴിഞ്ഞ ദിവസം ചേർന്ന മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രത്യേക ഭരണസമിതി യോഗം പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ജില്ലയിൽ പ്രതിഷേധ ഗ്രാമസഭകൾ സംഘടിപ്പിക്കുന്നത്.
മാങ്കുളം: ഉച്ചയ്ക്ക് രണ്ടിന് സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ പ്രത്യേക ഗ്രാമസഭ ചേരും.
ചക്കുപള്ളം: ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംയുക്ത ഗ്രാമസഭാ യോഗം നടക്കും. മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. പുരുഷോത്തമൻ നായർ വിഷയാവതരണം നടത്തും. മാധ്യമപ്രവർത്തകൻ കെ.എസ്. ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തും.
ഇരട്ടയാർ: 'നമ്മുടെ ഭൂമി, നമ്മുടെ അവകാശം' എന്ന മുദ്രാവാക്യമുയർത്തി ജനകീയ പ്രക്ഷോഭവും പ്രത്യേക ഗ്രാമസഭയും സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് വനിതാ സാംസ്കാരിക നിലയത്തിലാണ് പരിപാടി.
കാഞ്ചിയാർ: വൈകിട്ട് മൂന്നിന് വനിതാ സാംസ്കാരിക നിലയത്തിൽ പ്രത്യേക ഗ്രാമസഭ ചേരും. പഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് ഉദ്ഘാടനം ചെയ്യും.


