തൃക്കൊടിത്താനം ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു
ചങ്ങനാശേരി: ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിൽ സെപ്റ്റംബർ 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം കളക്ടറേറ്റിൽ ചേർന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നതിന് ജാഗ്രത പുലർത്തണമെന്ന് പാർട്ടി പ്രതിനിധികൾക്ക് നിർദേശം നൽകി.
മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ ആറ്, പായിപ്പാട് 17, തൃക്കൊടിത്താനം 22, വാഴപ്പള്ളി രണ്ട് എന്നിങ്ങനെ നാല് ഗ്രാമപഞ്ചായത്തുകളിലെ 47 വാർഡുകളാണ് തൃക്കൊടിത്താനം ഡിവിഷനിൽ ഉൾപ്പെടുന്നത്.
ഉപതെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സെപ്റ്റംബർ 24ന് വിതരണ കേന്ദ്രമായ ചങ്ങനാശേരി എസ്.ബി. ഹയർ സെക്കൻഡറി സ്കൂളിലെത്തിക്കും. സെപ്റ്റംബർ 25ന് രാവിലെ എട്ടിന് ഇവിടെ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടക്കും.
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളും വോട്ടിംഗ് യന്ത്രങ്ങളും സെപ്റ്റംബർ 27ന് രാവിലെ ഒൻപത് മുതൽ എസ്.ബി. ഹയർ സെക്കൻഡറി സ്കൂളിൽ വിതരണം ചെയ്യും.
സെപ്റ്റംബർ 28ന് രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. സെപ്റ്റംബർ 29ന് ഫലപ്രഖ്യാപനം നടത്തും.


