ആൽപ്പാറ വ്യൂ പോയിന്റിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
പാൽക്കുളംമേടിന് സമീപം ആൽപ്പാറ വ്യൂ പോയിന്റിൽ സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ എടുത്ത് മടങ്ങുന്നതിനിടെ പാറയിൽനിന്ന് തെന്നിവീണ് യുവാവിന് ദാരുണാന്ത്യം. ആൽപ്പാറ സ്വദേശി വെട്ടിക്കൽ ആൽബിൻ ദേവസ്യ (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം.
ആൽബിനും സുഹൃത്തുക്കളും ബന്ധുക്കളായ മറ്റ് രണ്ടുപേരും ചേർന്നാണ് വ്യൂ പോയിന്റിലേക്ക് ഫോട്ടോ എടുക്കാനായി പോയത്. ഫോട്ടോ എടുത്ത് മടങ്ങുന്നതിനിടെ പാറയിലൂടെ ഇറങ്ങുന്നതിനിടെയാണ് ആൽബിൻ കാൽവഴുതി താഴേക്ക് വീണത്.
ഗുരുതരമായി പരിക്കേറ്റ ആൽബിനെ ഇടുക്കിയിൽ നിന്നെത്തിയ ഫയർഫോഴ്സിന്റെയും കളത്തിക്കുഴി പോലീസിന്റെയും നേതൃത്വത്തിൽ രക്ഷപ്പെടുത്തി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


