വണ്ടൻമേട്ടിൽ പ്രത്യേക ഗ്രാമസഭ; ഇഎസ്എ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് പ്രമേയം
വണ്ടൻമേട്: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ESA) പരിധിയിൽ ഉൾപ്പെട്ട പ്രദേശങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വണ്ടൻമേട് ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക ഗ്രാമസഭ ചേർന്നു. പുറ്റടി എസ്എൻഡിപി ഓഡിറ്റോറിയത്തിൽ നടന്ന ഗ്രാമസഭയിൽ ആവശ്യം ഉന്നയിച്ചുള്ള പ്രമേയം ഐകകണ്ഠ്യേന അംഗീകരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു തോമസ് അക്കാട്ടുമുണ്ട അധ്യക്ഷത വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലസിംഗ് കെ യോഗം ഉദ്ഘാടനം ചെയ്തു. ESA വിഷയവുമായി ബന്ധപ്പെട്ട വിശദീകരണം സാമൂഹ്യപ്രവർത്തകൻ സാത്തിരാജ് അവതരിപ്പിച്ചു. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ് പ്രമേയം അവതരിപ്പിക്കുകയും ഗ്രാമസഭ ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം മിനി പ്രിൻസ് മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബൻ പാനോസ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലക്ഷ്മി ശരവണൻ, രമ്യ ആർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടോണി മാക്കോർ, ജി.പി. രാജൻ, ജാൻസി റെജി, കുഞ്ഞുമോൾ ജെയിംസ്, ബീന സിബി, ജ്യോതിമോൾ ജോസ്, മയിൽത്തായി, മഞ്ജു ബിജോ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജു തുടങ്ങിയവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെറിൻ പി. തോമസ് നന്ദി പറഞ്ഞു.
സെപ്റ്റംബർ 25ന് ജില്ല സന്ദർശിക്കുന്ന മുഖ്യമന്ത്രിക്ക് ഗ്രാമസഭ അംഗീകരിച്ച പ്രമേയം കൈമാറാനും യോഗം തീരുമാനിച്ചു.


