ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം
മൂന്നാറിൽ ഗതാഗത നിയന്ത്രണം, അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
ഇടുക്കി: കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും കണക്കിലെടുത്ത് ഇടുക്കി ജില്ലയിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലയോര മേഖലകളിൽ വൈകിട്ട് ഏഴ് മുതൽ രാവിലെ ആറു വരെ രാത്രിയാത്ര നിരോധിച്ചു. കാലാവസ്ഥാ അലർട്ടുകൾ പിൻവലിക്കുന്നതുവരെ ജില്ലയിലെ സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം നൽകി.
മൂന്നാറിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് പഴയ മൂന്നാറിൽനിന്നുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. വാഹനങ്ങൾ സി.എസ്.ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ് റോഡിലേക്ക് പ്രവേശിച്ച് പൊലീസ് സ്റ്റേഷന് സമീപത്തെ പാലം കടന്നാണ് മൂന്നാർ ടൗണിൽ എത്തേണ്ടത്.
ഇടുക്കിയിൽ ഇടവിട്ട് മഴ തുടരുകയാണ്. അടിമാലി പഴമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു.
കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ പലയിടങ്ങളിലും മരം വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അടിമാലി മേഖലയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും നേര്യമംഗലം–വാളറ റോഡിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.


