നേര്യമംഗലം പാലത്തിന് സമീപം അപകട ഭീഷണിയായി റോഡിൽ വൻ ഗർത്തം
നേര്യമംഗലം: നേര്യമംഗലം പാലത്തിന് സമീപം അപ്രോച്ച് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. നേരത്തെയും ഇതേ ഭാഗത്ത് കുഴി രൂപപ്പെട്ടിരുന്നു. അന്ന് നികത്തിയെങ്കിലും അതേ സ്ഥലത്ത് വീണ്ടും ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്.
പാലത്തിൽ ഗതാഗതക്കുരുക്ക് പതിവായതിനാൽ ഗർത്തം അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ പറഞ്ഞു. കുഴിയുള്ള ഭാഗത്തെ റോഡ് കൂടുതൽ ഇടിയാനും വാഹനങ്ങൾ അപകടത്തിൽപ്പെടാനും സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
അപകടസാധ്യത കണക്കിലെടുത്ത് ഗർത്തം അടിയന്തരമായി നികത്തി റോഡ് സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


